World
ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻ‍‍ഡ്
World

ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻ‍‍ഡ്

Web Desk
|
11 Nov 2024 6:07 AM GMT

2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും

ജനീവ: രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻ‍‍ഡ്. 2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇതോടെ ബുർഖയും നിഖാബും പോലുള്ള മുഖാവരണങ്ങൾ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സർലൻഡും ചേരും.

ദേശീയ സുരക്ഷ, സാമൂഹിക ഐക്യം തുടങ്ങി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്നവർ 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ നൽകേണ്ടിവരും. സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങൾ ഇതിനകം ബുർഖ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.

2021ൽ രാജ്യവ്യാപകമായി നടന്ന ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചത്. തുടർന്ന് മുസ്ലീം സംഘടനകളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും ശക്തമായ വിമർശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാരും നിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു.

എന്നാൽ പൂർണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. വിമാനങ്ങൾ, നയതന്ത്ര പരിസരങ്ങൾ, ആരാധനാലയങ്ങൾ, അപകടകരമായ സാഹചര്യങ്ങളാലോ കാലാവസ്ഥാ വ്യതിയാനത്താലോ മുഖം മറയ്ക്കേണ്ട സാഹചര്യങ്ങൾ, പരമ്പരാഗത ആചാരങ്ങൾ, കലാപരമായ പരിപാടികൾ, പൊതുസമ്മേളനങ്ങൾ അല്ലെങ്കിൽ പ്രതിഷേധങ്ങൾ തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ മുഖം മറയ്ക്കാൻ അനുവദിക്കും.

2024ലെ കണക്കനുസരിച്ച് ബുർഖ നിരോധനം നടപ്പിലാക്കുന്ന ഏറ്റവും പുതിയ രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. നിലവിൽ 16 രജ്യങ്ങളാണ് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. ടുണീഷ്യ, ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ്, ബെൽജിയം, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബൾഗേറിയ, കാമറൂൺ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, നെതർലാൻഡ്സ്, ചൈന, മൊറോക്കോ, ശ്രീലങ്ക തുടങ്ങിയ രജ്യങ്ങളിലാണ് ഇതിനകം ബുർഖ നിരോധനം നടപ്പിലാക്കിയത്.

Similar Posts