60 വര്‍ഷത്തിനിടയിലെ മാരകമായ സ്രാവ് ആക്രമണം; സിഡ്നിയിലെ ബീച്ചുകള്‍ അടച്ചു
|സ്രാവുകളെ ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ഡ്രം ലൈനുകൾ ആക്രമണ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്
സ്രാവിന്റെ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്നിയിലെ ഐക്കണിക് ബോണ്ടിയും ബ്രോണ്ടെയും ഉൾപ്പെടെയുള്ള ബീച്ചുകൾ വ്യാഴാഴ്ച അടച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മാരകമായ സ്രാവ് ആക്രമണമാണിത്.
സ്രാവുകളെ ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ഡ്രം ലൈനുകൾ ആക്രമണ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സ്രാവ് ഇപ്പോഴും പ്രദേശത്തുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സിഡ്നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ നീന്താനിറങ്ങിയ ആള് സ്രാവ് ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആരാണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇയാളെ സ്രാവ് ആക്രമിക്കുന്നത് നീന്താനെത്തിയ മറ്റുള്ളവര്‍ കണ്ടിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. യുവാവിനെ സ്രാവ് ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
''ഇത് ഞങ്ങളുടെ സമൂഹത്ത ആകെ ഞെട്ടിച്ചു," ലിറ്റിൽ ബേ ഉൾപ്പെടുന്ന റാൻഡ്വിക്ക് കൗൺസിലിന്റെ മേയർ ഡിലൻ പാർക്കർ റോയിട്ടേഴ്സിനോട് പറഞ്ഞു. ''ഞങ്ങളുടെ തീരപ്രദേശമെന്നാല് ഞങ്ങളുടെ വീട്ടുമുറ്റമാണ്, അത്തരം ഭയാനകമായ സാഹചര്യങ്ങളിൽ ദാരുണമായ മരണം സംഭവിക്കുന്നത് തികച്ചും ഞെട്ടിക്കുന്നതാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.