World
സൂക്ഷിക്കുക ആ ചിഹ്നങ്ങളെ; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുക്രൈന്‍
World

സൂക്ഷിക്കുക ആ ചിഹ്നങ്ങളെ; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുക്രൈന്‍

Web Desk
|
1 March 2022 8:04 AM GMT

ചിലപ്പോള്‍ ആക്രമണം ലക്ഷ്യമാക്കിയുള്ള റഷ്യയുടെ അടയാളമായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്

കെട്ടിടങ്ങളുടെ ടെറസിലും മറ്റു ഭാഗങ്ങളിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങള്‍ പരിശോധിക്കണമെന്ന് യുക്രൈന്‍റെ മുന്നറിയിപ്പ്. ചിലപ്പോള്‍ ആക്രമണം ലക്ഷ്യമാക്കിയുള്ള റഷ്യയുടെ അടയാളമായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

യുദ്ധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ചില നഗരങ്ങളിൽ ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കടും ചുവപ്പ് നിറത്തില്‍ ഗുണന ചിഹ്നം, അമ്പിന്‍റെ ആകൃതി എന്നീ അടയാളങ്ങളാണ് കാണപ്പെടുന്നത്. റഷ്യയുടെ സംശയം ജനിപ്പിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും ഒരു വ്യോമാക്രമണം ലക്ഷ്യമാക്കിയുള്ളതായിരിക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കിയവിനു ചുറ്റും പ്രതിഫലിക്കുന്ന ടാഗുകളും കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ആളുകള്‍ തങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയും മറ്റും പരിശോധിക്കണമെന്ന് കിയവ് അധികൃതര്‍ കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ''മേൽക്കൂരയിലേക്ക് പ്രവേശനമുള്ള ബഹുനില കെട്ടിടങ്ങളിലെ താമസക്കാരോട്, മേൽക്കൂരകൾ അടിയന്തിരമായി പരിശോധിക്കണം. എന്തെങ്കിലും അടയാളങ്ങള്‍ കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യുകയോ എന്തെങ്കിലും ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യണം'' കുറിപ്പില്‍ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലെ റിവ്നെ നഗരത്തിലെ മേയറായ അലക്സാണ്ടർ ട്രെത്യാക് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സമാനമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ''അടിയന്തര അറിയിപ്പ്, എല്ലാ ടെറസുകളും അടച്ചിടാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അജ്ഞാതമായ അടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ തന്നെ നിയമപാലകരെ അറിയിക്കുക'' മേയര്‍ ആവശ്യപ്പെട്ടു.

അതേസമയം വിട്ടുവീഴ്ചയില്ലാതെ യുക്രൈന് മേല്‍ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഉപരോധം കടുപ്പിക്കുകയാണ് അമേരിക്ക, ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റി നിർത്തുമെന്ന് അമേരിക്ക അറിയിച്ചു . റഷ്യയുടെ 12 യു.എൻ പ്രതിനിധികളെ ചാരവൃത്തി ആരോപിച്ച് അമേരിക്ക പുറത്താക്കി . റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാന്‍ കാനഡ തീരുമാനിച്ചു. കൂടുതല്‍ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തും. യുക്രൈന് സാമ്പത്തിക സഹായവും കാനഡ വാഗ്ദാനം ചെയ്തു. റഷ്യക്ക് വ്യോമപാത നിഷേധിക്കണമെന്ന യുക്രൈന്‍റെ ആവശ്യം യുഎസ് തള്ളി. എന്നാല്‍ ബ്രിട്ടന്‍ ,ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങി 36 രാജ്യങ്ങള്‍ക്ക് റഷ്യ വ്യോമപാത നിഷേധിച്ചു. റഷ്യന്‍ കപ്പലുകള്‍ക്ക് ബ്രിട്ടന്‍ നിരാധനമേര്‍പ്പെടുത്തി. മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ സേവനം മരവിപ്പിച്ചു.

സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. പണം അടയ്ക്കാന്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല. ഡിസ്നി സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല. റഷ്യന്‍ ചാനലുകളായ റഷ്യന്‍ ടിവിക്കും സ്പുട്നിക്കിനും മെറ്റയും നിയന്ത്രണമേര്‍പ്പെടുത്തി.ജോര്‍ജിയ, മോള്‍ഡോവ, ഒഴികെയുള്ള രാജ്യങ്ങളില്‍ കസിനോകളില്‍ റഷ്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യയിലേക്കുള്ള കാര്‍ ഇറക്കുമതി ജനറല്‍ മോട്ടോര്‍സ് നിരോധിച്ചു.റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. റഷ്യയില്‍ തയ്ക്വാന്‍ഡ മത്സരങ്ങളും നടത്തില്ല. വരും ദിവസങ്ങളിൽ ഉപരോധം കൂടുതൽ ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ തീരുമാനം. അതിനിടെ ഇ.യുവിലെ അംഗത്വത്തിനായി യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമർ സെലൻസ്കി അപേക്ഷ നൽകി.

Related Tags :
Similar Posts