World
Taiwan Minister

സു മിംഗ്-ചുൻ

World

തൊലിയുടെ നിറം ഞങ്ങളുടേത് പോലെ; ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തായ്‍വാന്‍ മന്ത്രി

Web Desk
|
6 March 2024 8:23 AM GMT

ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വിവാദമായത്

തായ്‍പേയ്: ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തായ്‍വാന്‍ തൊഴില്‍ മന്ത്രി സു മിംഗ്-ചുൻ. ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

''വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലാണ് മന്ത്രാലയം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം അവരുടെ ചർമ്മത്തിൻ്റെ നിറവും ഭക്ഷണ ശീലങ്ങളും ഞങ്ങളുടേതിന് സമാനമാണ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MOFA) വിലയിരുത്തലുകൾ പ്രകാരം, ഈ മേഖലയിലുള്ളവര്‍ കൂടുതലും ക്രിസ്ത്യാനികളാണ്. നിര്‍മാണം, കൃഷി എന്നിവയിൽ വൈദഗ്ധ്യമുള്ളവരാണ്'' എന്നാണ് മിംഗ്-ചുന്‍ പറഞ്ഞത്. സ്വന്തം രാജ്യത്തു നിന്നു തന്നെ മന്ത്രിക്കെതിരെ വിമര്‍ശം ഉയര്‍ന്നു. തൊലിയുടെ നിറവും വംശവും പരിഗണിച്ചാകരുത് തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നിയമസഭാംഗം ചെന്‍ കുവാന്‍ ടിങ് രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ ഒടുവില്‍ ഖേദപ്രകടനവുമായി മിങ് ചുന്‍ രംഗത്തെത്തുകയായിരുന്നു. തായ്‍വാന്‍റെ തൊഴില്‍ നയത്തില്‍ പ്രാദേശിക തൊഴിലാളിയെന്നോ കുടിയേറ്റ തൊഴിലാളിയെന്നോ വേര്‍തിരിവില്ലെന്നും വിവേചനപരമായ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവിനെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു തന്‍റെ ഉദ്ദേശ്യമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഉചിതമല്ലാത്ത പരാമര്‍ശത്തില്‍ തായ്‍വാന്‍ വിദേശകാര്യ മന്ത്രാലയവും ക്ഷമാപണം നടത്തി. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമാണ് തായ്‍വാന്‍റേതെന്നും പ്രസ്താവനയില്‍ പറഞ്ഞു. "ഇന്ത്യയുടെ വൈവിധ്യമാർന്നതും സമ്പന്നവുമായ സംസ്കാരത്തെ തായ്‌വാൻ പൂർണമായി മാനിക്കുകയും തായ്‌വാനിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ വിലമതിക്കുകയും ചെയ്യുന്നു.തായ്‌വാനും ഇന്ത്യയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും കൂടുതൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയവും പരസ്പര ധാരണയും മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു ശ്രമവും ഒഴിവാക്കില്ല'' മന്ത്രാലയം വ്യക്തമാക്കി. ലോകവുമായി ഇടപഴകുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ പങ്കാളികളുമായി കാര്യമായ ഇടപെടലുകൾ നടത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളെ തായ്‌വാനിലെ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം തായ്‌വാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് സുഗമമാക്കുന്നതിന് തായ്‌വാനും ഇന്ത്യയും കഴിഞ്ഞ മാസമാണ് ഒരു സുപ്രധാന കരാറില്‍ ഒപ്പുവച്ചത്. നിലവില്‍ നിർമാണം,കൃഷി തുടങ്ങിയ മേഖലകളില്‍ തായ്‍വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ വിമുഖതയുണ്ടായിരുന്ന തായ്‍വാന്‍റെ പ്രധാന നയംമാറ്റമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar Posts