World
Taliban, Ban Female Students, University Entrance Exam
World

സർവകലാശാലാ പ്രവേശന പരീക്ഷകളിൽ നിന്നും പെൺകുട്ടികളെ വിലക്കി താലിബാൻ ഭരണകൂടം

Web Desk
|
29 Jan 2023 1:59 PM GMT

ഫെബ്രുവരിയിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കാബൂൾ: അഫ്​ഗാനിസ്താനിൽ സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭാസം വിലക്കിയതിനു പിന്നാലെ അടുത്ത നിരോധനവുമായി താലിബാൻ ഭരണകൂടം. പെൺകുട്ടികൾക്ക് സർവകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിനാണ് പുതിയ വിലക്ക്.

ഫെബ്രുവരിയിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ സർവകലാശാലകൾക്കും താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചു.

ഇതോടെ ഇതിനോടകം പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്കും ഇനി രജിസ്റ്റർ ചെയ്യാനുള്ളവർക്കും അതെഴുതാനാവില്ല. ഡിസംബറിലാണ് താലിബാൻ ഭരണകൂടം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സ്ത്രീകൾക്കും കോളജ്- സർവകലാശാല വിദ്യാഭ്യാസം വിലക്കി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടാതെ ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതും പൂർണമായി നിരോധിച്ചിരുന്നു. ഇതെല്ലാം രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിന് വിദ്യാർഥിനികളുടെ ഭാവിയാണ് അവതാളത്തിലാക്കിയത്. ഇതിനെതിരെ വൻ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്.

സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണം തുടക്കത്തിൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 2021 മെയിൽ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിനു ശേഷം താലിബാൻ കർശന നിയന്ത്രണങ്ങളാണ് അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്.

പെൺകുട്ടികൾക്ക് മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ്, സർവകലാശാലാ വിദ്യാഭ്യാസം വിലക്കിയെന്നു മാത്രമല്ല, തൊഴിൽമേഖലയിലും അവർക്ക് നിരോധനമുണ്ട്. സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോവാൻ പാടില്ലെന്നും തിട്ടൂരമിറക്കിയ താലിബാൻ ഭരണകൂടം, വനിതകൾ പ്രാദേശിക- വിദേശ എൻ.ജി.ഒകളുടെ ഭാ​ഗമാവുന്നതിനും വിലക്കേർപ്പെടുത്തയിട്ടുണ്ട്.

അതേസമയം, സ്ത്രീകളെയും പെൺകുട്ടികളെയും താലിബാൻ ലക്ഷ്യമിടുന്നത് അവരുടെ മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടേയും നഗ്നമായ ലംഘനമാണെന്ന് യു.എൻ വിദഗ്ധർ പറഞ്ഞു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നും യു.എൻ ആഞ്ഞടിച്ചു. സ്ത്രീകൾക്ക് മേലുള്ള താലിബാന്റെ വിലക്കുകൾക്കെതിരെ വ്യാപക വിമർശനമാണ് വിവിധ രാജ്യങ്ങൾ ഉയർത്തിയത്.

Similar Posts