'യുവാക്കളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു'; പബ്ജിയും ടിക് ടോകും നിരോധിക്കാനൊരുങ്ങി താലിബാൻ
|90 ദിവസത്തിനുള്ളിൽ ആപ്പുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടു.
കാബൂൾ: യുവാക്കളിലെ അക്രമവാസനെ പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് പബ്ജിയും ടിക് ടോകും നിരോധിക്കാനൊരുങ്ങി താലിബാൻ. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഇവ നിരോധിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. ഈ ആപ്പുകൾ ചില അക്രമങ്ങളെ മഹത്വപ്പെടുത്താൻ സാധ്യതയുണ്ട്, എന്നാൽ ഗ്രൂപ്പിന്റെ അക്രമാസക്തമായ വഴികൾ കണക്കിലെടുക്കുമ്പോൾ ഇത് ഒരുതരം വിരോധാഭാസമാണെന്ന് താലിബാൻ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് പബ്ജിയും ടിക് ടോകും നിരോധിക്കുമെന്ന തീരുമാനം അറിയിച്ചത്. സുരക്ഷാ മേഖലയിലെയും ശരിയത്ത് നിയമനിർവഹണ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം നടത്തിയ ചർച്ചയിലാണ് ജനപ്രിയ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം എടുത്തത്. സംയുക്ത യോഗത്തിന് ശേഷം, മന്ത്രാലയം രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് 90 ദിവസത്തിനുള്ളിൽ പബ്ജിയും ടിക് ടോകും നിരോധിക്കാൻ ഉത്തരവിട്ടു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖമ്മ പ്രസാണ് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇത് ആദ്യമായല്ല ജനപ്രിയ ചൈനീസ് ആപ്പുകളായ പബ്ജിയും ടിക് ടോകും നിരോധിക്കുന്നത്. 2020-ൽ, ഐടി നിയമത്തിലെ സെക്ഷൻ 69 (എ) ആക്ട് പ്രകരാം ഇന്ത്യ രണ്ടുവർഷം മുമ്പാണ് ഈ ആപ്പുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്ന കാരണത്താലാണ് ഇന്ത്യ ഈ ആപ്പുകൾ നിരോധിച്ചത്. ഇതിന് പുറമെ നൂറുക്കണക്കിന് ചൈനീസ് ആപ്പുകളും സർക്കാർ നിരോധിച്ചിരുന്നു.
പാക്കിസ്ഥാനും പബ്ജി നിരോധിച്ചിരിക്കുന്നു. കുട്ടികളിൽ ഗെയിം ആസക്തിയുണ്ടാക്കുന്നു എന്നകാരണത്താലാണ് പാക് ഭരണകൂടം ആപ്പ് നിരോധിച്ചത്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ടിക് ടോക്ക് നേരത്തെ നിരോധിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ ടിക് ടോക്കിനും നിരോധനം ഏർപ്പെടുത്തിയത്.