കാണ്ഡഹാറും കീഴടക്കി; 12 പ്രവിശ്യകൾ കൈപ്പിടിയിലൊതുക്കി താലിബാൻ
|കാബൂളിലെ യുഎസ് എംബസിയിൽ നിന്ന് ഉദ്യോഗസ്ഥെരെ തിരിച്ചെത്തിക്കാൻ യുഎസ് തിരക്കിട്ട ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
കാബൂൾ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും കീഴടക്കി അഫ്ഗാനിൽ താലിബാന്റെ മുന്നേറ്റം. നഗരത്തിലെ ഗവർണർ കാര്യാലയവും മറ്റു സർക്കാർ കെട്ടിടങ്ങളും താലിബാൻ വരുതിയിലാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഹെറാത് കീഴടക്കിയതിന് പിന്നാലെയാണ് താലിബാൻ കാണ്ഡഹാറിലേക്ക് മുന്നേറിയത്. ചെറുത്തുനിൽപ്പിന് ശേഷമാണ് അഫ്ഗാൻ സേന നഗരത്തിൽ നിന്ന് പിൻവാങ്ങിയത് എന്നാണ് റിപ്പോർട്ട്.
'കാണ്ഡഹാർ സമ്പൂർണമായി കീഴടക്കി. മുജാഹിദീൻ നഗരത്തിലെ രക്തസാക്ഷി ചത്വരത്തിലെത്തി'- താലിബാൻ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്ത് താലിബാൻ പിടിച്ചെടുത്തിരുന്നു. തലസ്ഥാനമായ കാബൂളിൽ നിന്ന് 130 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലമാണ് ഹെറാത്ത്.
34 അഫ്ഗാൻ പ്രവിശ്യാ തലസ്ഥാനങ്ങളിൽ 12 എണ്ണം ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്. സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ ഭരണകൂടം താലിബാനു മുമ്പിൽ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിർദേശം വച്ചതായി സൂചനയുണ്ട്.
അതിനിടെ, യു.എസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കാബൂളിലെ യുഎസ് എംബസിയിൽ നിന്ന് ഉദ്യോഗസ്ഥെരെ തിരിച്ചെത്തിക്കാൻ യുഎസ് തിരക്കിട്ട ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുവ്വായിരം സൈനികരെ ബൈഡൻ ഭരണകൂടം ഉടന്‍ അഫ്ഗാനിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കായി 600 ട്രൂപ്പിനെ ബ്രിട്ടൻ വിന്യസിച്ചിട്ടുണ്ട്. എംബസി ഒഴിപ്പിക്കുന്നതിനായി കാനഡയും പ്രത്യേക സേനയെ അയയ്ക്കുന്നുണ്ട്.