മനുഷ്യാവകാശ ചർച്ചകൾക്കായി താലിബാൻ പ്രതിനിധി സംഘം നോർവേയിലേക്ക്
|അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാകുമെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്‌ഫെൽഡ്
താലിബാൻ പ്രതിനിധി സംഘം അടുത്തയാഴ്ച ഓസ്ലോയിൽ നോർവീജിയൻ ഉദ്യോഗസ്ഥരുമായും അഫ്ഗാൻ സിവിൽ സൊസൈറ്റി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാവകാശങ്ങളും മാനുഷിക സഹായവും സംബന്ധിച്ചായിരിക്കും ചർച്ചകൾ. ജനുവരി 23 മുതൽ ജനുവരി 25 വരെയാണ് സന്ദർശനം. കൂടിക്കാഴ്ചയിൽ സഖ്യകക്ഷികളും പങ്കെടുക്കും. എന്നാൽ ഏതൊക്കെ സഖ്യകക്ഷികൾ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അമേരിക്ക എന്നിവ ചർച്ചയിൽ പങ്കെടുക്കുമെന്ന് നോർവീജിയൻ പത്രമായ വി.ജി റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാകുമെന്ന് വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്‌ഫെൽഡ് അറിയിച്ചു. എന്നാൽ ഈ കൂടിക്കാഴ്ചകൾ താലിബാന്റെ നിയമസാധുതയെയോ അംഗീകാരത്തെയോ പ്രതിനിധീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിൽ ദുരിതം നേരിടുകയാണ്. വരൾച്ച, പകർച്ചവ്യാധികൾ, സാമ്പത്തിക തകർച്ച, വർഷങ്ങളായി തുടരുന്ന സംഘർഷത്തിന്റെ അനന്തരഫലങ്ങൾ എന്നിവ അഫ്ഗാനിസ്ഥാൻ അനുഭവിക്കുകയാണെന്ന് . ഈ ഗുരുതരമായ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. രാജ്യത്ത് ദശലക്ഷക്കണക്കിന് പട്ടിണി നേരിടുകയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ദുരന്തമാണ് ആ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും ഹ്യൂറ്റ്‌ഫെൽഡ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹവും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഫ്ഗാനികളും താലിബാനുമായി സംഭാഷണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം 24 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു, അവർക്ക് വേണ്ടത്ര ഭക്ഷണം എങ്ങനെ ലഭിക്കുമെന്ന് ഉറപ്പില്ല. പത്തുലക്ഷം കുട്ടികൾ പട്ടിണി മൂലം മരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ ശൈത്യകാലത്ത് ക്ഷാമം ജനസംഖ്യയുടെ പകുതിയിലധികം പേരെ ബാധിക്കുമെന്നും ജനസംഖ്യയുടെ 97 ശതമാനം ഈ വർഷം ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നും യു.എൻ കണക്കാക്കുന്നുണ്ട്.
കൂടിക്കാഴ്ചകളിൽ മനുഷ്യാവകാശ പ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ, സാമൂഹിക, രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ നേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കുമെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
താലിബാൻ സർക്കാരിലെ ചുമതലയുള്ള വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയാണ് താലിബാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ആഗസ്റ്റിൽ താലിബാൻ രാജ്യം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പ്രതിനിധികൾ യൂറോപ്പിൽ ഔദ്യോഗിക യോഗങ്ങൾ നടത്തുന്നത്. റഷ്യ, ഇറാൻ, ഖത്തർ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നേരത്തെ സന്ദർശനം നടത്തിയിട്ടുണ്ട്. യു.എസ് പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചകളും യൂറോപ്യൻ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചകളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഫ്ഗാൻ ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രി സബിഹുല്ല മുജാഹിദ് പറഞ്ഞു. അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും മരവിപ്പിച്ച ഏകദേശം 10 ബില്യൺ ഡോളർ വിട്ടുകിട്ടണമെന്ന താലിബാന്റെ ആവശ്യത്തിൽ വിദേശകാര്യ മന്ത്രി മുത്തഖി സമ്മർദ്ദം ചെലുത്തുമെന്നും ഉറപ്പാണ്.