താലിബാന്‍ സൈന്യം കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചു
|ബലപ്രയോഗത്തിലൂടെ കാബൂൾ കീഴടക്കാൻ പദ്ധതിയില്ലെന്ന് താലിബാൻ
താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്തുനിന്നും ഒരേസമയം താലിബാൻ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്. കാബൂള്‍ സുരക്ഷതമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂൾ കീഴടക്കാൻ പദ്ധതിയില്ലെന്നാണ് താലിബാൻ വക്താക്കള്‍ വ്യക്തമാക്കുന്നത്.
ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്.
ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 22ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.
താലിബാൻ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കാബൂളിലേക്ക് ഒഴുകിയെത്തുകയാണ്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകൾ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു.