അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി താലിബാൻ
|താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദ് അറിയിച്ചു. താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും.
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി താലിബാൻ. താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദ് അറിയിച്ചു. താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും.
നാലുദിവസം നീണ്ട കനത്ത ഏറ്റുമുട്ടലാണ് പഞ്ച്ശീറിൽ നടന്നത്. പഞ്ച്ശീറിന്റെ തലസ്ഥാനമായ ബസാറാക്കടക്കം മുഴുവൻ മേഖലകളും കീഴടക്കിയതായി താലിബാൻ അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദ് സമവായത്തിന് തയ്യാറാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
പഞ്ച്ശീറിന് പ്രത്യേക അധികാരങ്ങൾ വേണമെന്ന നിലപാടാണ് അഹ്മദ് മസൂദ് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ താലിബാൻ ഇത് അംഗീകരിക്കാൻ സാധ്യതയില്ല. അഫ്ഗാനിസ്ഥാനിലെ പണ്ഡിത നേതൃത്വവും ഏറ്റുമുട്ടൽ നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കൻ പഞ്ച്ശീറിൽ 600 താലിബാനികളെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് താലിബാൻവിരുദ്ധ പ്രതിരോധസേന (വടക്കൻ സഖ്യം) വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെയ്ക്കു ശേഷമുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിലേറെ താലിബാനികളെ തടവിലാക്കുകയോ അവർ സ്വയംകീഴടങ്ങുകയോ ചെയ്തെന്ന് അവകാശപ്പെട്ട വടക്കൻസഖ്യം ഏറ്റുമുട്ടൽ തുടരുകയാണെന്നും അറിയിച്ചിരുന്നു.
അതേസമയം താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. രാഷ്ട്രീയമേധാവി മുല്ല അബ്ദുൾ ഗനി ബറാദറിന്റെ നേതൃത്വത്തിലാകും സർക്കാരെന്ന് റിപ്പോര്‍ട്ടുകളെങ്കിലും ചര്‍ച്ചകള്‍ നീളുകയാണ്.