സർക്കാർ സേന പിൻവാങ്ങി; ഹെറാതും പിടിച്ചടക്കി താലിബാൻ
|താലിബാനുമായി ഭരണം പങ്കിടാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു
കാബൂൾ: സർക്കാർ സേന പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത് പിടിച്ചടക്കി താലിബാൻ. തന്ത്രപ്രധാനമായ ഗസ്‌നി വരുതിയിലാക്കിയ ശേഷമാണ് താലിബാൻ ഹെറാത് കൂടി പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി. താലിബാന്‍ കാണ്ഡഹാറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.
ഹെറാതിലെ പൊലീസ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഇപ്പോൾ താലിബാന്റെ കൈയിലാണുള്ളത്. 'ശത്രുക്കൾ ഓടിയതായും നിരവധി സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശപ്പെടുത്തിയതായും' താലിബാൻ വക്താവ് പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ ഭരണകൂടം താലിബാനു മുമ്പിൽ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിർദേശം വച്ചതായി സൂചനയുണ്ട്.
അതിനിടെ, യു.എസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.