World
Tharman Shanmugaratnam

തർമൻ ഷൺമുഖരത്നം 

World

ഇന്ത്യന്‍ വംശജന്‍ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്

Web Desk
|
2 Sep 2023 6:57 AM GMT

2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്.

“സിംഗപ്പൂർക്കാർക്കിടയിൽ ശുഭാപ്തി വിശ്വാസവും ഐക്യദാർഢ്യവും നിറഞ്ഞ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രസിഡന്‍റിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഉപയോഗിക്കേണ്ടത് എന്‍റെ കടമയാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. അതാണ് എന്‍റെ പ്രതിജ്ഞ,” ചരിത്ര വിജയത്തിന് ശേഷം തര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിംഗപ്പൂരുകാർ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തെ ഞാൻ മാനിക്കുകയും എനിക്ക് വോട്ട് ചെയ്യാത്തവർ ഉൾപ്പെടെയുള്ള എല്ലാ സിംഗപ്പൂരുകാരെയും ബഹുമാനിക്കുകയും ചെയ്യുമെന്ന് തര്‍മന്‍ പറഞ്ഞതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. തർമന്‍റെ എതിരാളികളായ എൻജി കോക്ക് സോംഗ്, ടാൻ കിൻ ലിയാൻ എന്നിവർക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകൾ ലഭിച്ചു.

തർമനുമുമ്പ് രണ്ട് തമിഴ് വംശജര്‍ സിംഗപ്പൂര്‍ പ്രസിഡന്‍റായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം പ്രസിഡന്‍റായ സെല്ലപ്പൻ രാമനാഥനും 1981 മുതൽ 1985 വരെ സേവനമനുഷ്ഠിച്ച ചെങ്ങറ വീട്ടിൽ ദേവൻ നായരും.2001-ൽ രാഷ്ട്രീയത്തിൽ ചേർന്ന തർമൻ രണ്ടു പതിറ്റാണ്ടിലേറെയായി സിംഗപ്പൂരിലെ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ (പിഎപി) പൊതുമേഖലയിലും മന്ത്രിസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിലെ പ്രസിഡന്‍റ് ഹലീമ യാക്കോബിന്റെ കാലാവധി സെപ്തംബർ 13ന് അവസാനിക്കും. അവർ രാജ്യത്തിന്‍റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്‍റുമാണ്.

Similar Posts