World
ഗൂഗിളിലും ജാതിവിവേചനം! തനൂജ ഗുപ്തയുടെ രാജി എന്തിനായിരുന്നു?
World

ഗൂഗിളിലും ജാതിവിവേചനം! തനൂജ ഗുപ്തയുടെ രാജി എന്തിനായിരുന്നു?

Web Desk
|
14 Aug 2022 4:19 PM GMT

ഗൂഗിളിൽ സീനിയർ മാനേജറായിരുന്ന തനൂജ ഗുപ്തയുടെ രാജിക്ക് പിന്നിലെന്ത്? ഗൂഗിളിനകത്തെ ജാതീയവിവേചനത്തെക്കുറിച്ചുള്ള വാർത്തകളുടെ യാഥാർത്ഥ്യമെന്താണ്?

ജാതിവിവേചനം എന്ന് കേൾക്കുമ്പോൾ തന്നെ 'ഇക്കാലത്തും ജാതിയോ' എന്ന് ചോദിക്കുന്നവരാണ് സമൂഹത്തിലേറെയും. ഇന്നും ജാതി ഒരു സാമൂഹിക യാഥാർഥ്യമായിരിക്കെ ഈ വസ്തുത ഊട്ടിയുറപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിളിൽ സീനിയർ മാനേജറായിരുന്ന തനൂജ ഗുപ്ത. തനൂജ കമ്പനിയിൽനിന്ന് രാജിവച്ചിട്ട് ഏറെ നാളായിട്ടില്ല. 'ന്യൂയോർക്കറി'ന് നൽകിയ അഭിമുഖത്തിൽ ഗൂഗിളിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങളും അസമത്വങ്ങളുമാണ് തനൂജ തുറന്നുകാട്ടിയിരിക്കുന്നത്.

എന്താണ് ഗുപ്തയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങൾ? ആഗോളതലത്തിൽ കോടിക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഗൂഗിളിനകത്തെ ജാതീയവിവേചനത്തെക്കുറിച്ചുള്ള വാർത്തകളുടെ യാഥാർത്ഥ്യമെന്താണ്? പരിശോധിക്കാം...

ഗൂഗിളിലെ പോരാട്ടം

2011ലാണ് തനൂജ ഗുപ്ത ഗൂഗിളിൽ ജോലിക്കായി എത്തുന്നത്. പത്ത് വർഷത്തോളം എഞ്ചിനീയറിങ്, സോഫ്‌റ്റ്വെയർ വിഭാഗങ്ങളിൽ പ്രോഗ്രാം മാനേജറായി ജോലി ചെയ്തു. ദിവസവും ആശ്രയിച്ചിരുന്ന, വിരൽതുമ്പിനപ്പുറം ലഭ്യമായിരുന്ന ഒരു വിവരസാങ്കേതിക സംവിധാനകത്തിന്റെ ഭാഗമാകുകയാണ്. അതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് തനൂജ ഗൂഗിളിലെത്തിയത്.

കുറച്ചു വർഷം പിന്നിട്ടപ്പോഴാണ് കമ്പനിക്കകത്തെ വിവേചനങ്ങളും അസ്വസ്ഥതകളും വെളിപ്പെട്ട് തുടങ്ങിയത്. ആദ്യം മൗനം പാലിച്ചെങ്കിലും ഏറെനാൾ അത് തുടരാനായില്ലെന്ന് തനൂജ പറയുന്നു. 2018ലാണ് അവർ കമ്പനിക്കുള്ളിൽ തന്നെ ഇതിനെതിരെ പ്രവർത്തനമാരംഭിക്കുന്നത്. ഒരു 'മീ ടൂ' മൂവ്മെന്റിന്റെ ചുവടുപിടിച്ചായിരുന്നു അത്. ലൈംഗികാരോപണം നേരിടുന്ന ആൻഡി റൂബിൻ എന്ന എക്സിക്യൂട്ടീവ് ജീവനക്കാരന് 90 മില്യൺ ഡോളർ നൽകാൻ കമ്പനി തീരുമാനിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഇവിടെയായിരുന്നു തുടക്കം.

തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് തനൂജ പറയുന്നു. തനൂജ പ്രതിഷേധത്തിൽ സജീവപങ്കാളിയായി. കരിയറിന് പോലും ഭീഷണിയാകുമെന്ന ഘട്ടം വന്നിട്ടും പിന്മാറിയില്ല.

കമ്പനിക്കകത്തെ ജാതിയാഥാർത്ഥ്യങ്ങൾ

മീ ടൂ മൂവ്‌മെന്റിന് പിന്നാലെയാണ് കമ്പനിയിലും ജീവനക്കാർക്കുമിടയിൽ നിലനിൽക്കുന്ന ജാതിവിവേചനം മറനീക്കി പുറത്തുവരുന്നത്. പരാതികളൊന്നും പുറത്തുവന്നിരുന്നില്ലെങ്കിലും ജാതീയത കമ്പനിയിലെ പരസ്യമായ രഹസ്യമായി തന്നെ തുടർന്നുപോന്നു. അങ്ങനെയിരിക്കെയാണ് തനൂജ ഗുപ്ത പുതിയൊരു ചുവടുവയ്പ്പ് നടത്തിയത്. കമ്പനിക്കകത്ത് വൈവിധ്യങ്ങൾക്കും തുല്യതയ്ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ആഴ്ചയും ഡി.ഇ.ഐ(Diversity, equity and inclusion- DEI) യോഗം സംഘടിപ്പിച്ചു. കമ്പനിക്കത്ത് നേരിടുന്ന വംശീയ, ലിംഗവിവേചനങ്ങൾ തുറന്നുപറയാനുള്ള ഒരു വേദി കൂടിയായിത്.

2021 സെപ്റ്റംബറിലാണ് ആദ്യ പരാതി ലഭിക്കുന്നത്. ജീവനക്കാരിൽ രണ്ടുപേർ ജോലിസ്ഥലത്തെ ജാതി വിഷയങ്ങൾ ചർച്ച ചെയ്യവെ വിവേചനം നേരിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിനാൽതന്നെ ഡി.ഇ.ഐ യോഗം ഏറെ ഫലപ്രദമായിരുന്നു. എന്തും തുറന്നുപറയാൻ സാധിക്കുന്ന ഒരിടം എന്ന വിശ്വാസം ജീവനക്കാർക്ക് നൽകാൻ ഇതിലൂടെ കഴിഞ്ഞു. ധാർമികത എന്ന നിലയിൽ മാത്രമല്ല ബിസിനസ് മേഖലയിലെ അനിവാര്യത എന്ന നിലയിലും ഡി.ഇ.ഐ മീറ്റിങ് ജീവനക്കാർക്കിടയിൽ അംഗീകരിക്കപ്പെട്ടു.

കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ വാർത്താ മേഖലയുടെ ചുമതലയായിരുന്നു തനൂജ ഗുപ്ത വഹിച്ചിരുന്നത്. വംശം, ലിംഗസമത്വം, ജാതി തുടങ്ങിയ വാർത്താവിഷയങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ അതേക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ആവശ്യമാണ്.

2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഇതിന് ഉദാഹരണമായി തനൂജ ചൂണ്ടിക്കാട്ടുന്നുണ്ട്. ജാതിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട് യു.പിയിൽ. ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മനസിലാക്കേണ്ടത് ആവശ്യം തന്നെയായിരുന്നു. കൂടാതെ, ജാതി വിവേചനത്തിനെതിരെ പ്രവർത്തിക്കാൻ സ്വന്തം പശ്ചാത്തലംകൂടി പരിഗണിക്കേണ്ടി വന്നുവെന്നും തനൂജ പറയുന്നു.

ഡി.ഇ.ഐ യോഗങ്ങളിൽ പരാതി ലഭിച്ചതിന് പിന്നാലെ ആൽഫബെറ്റ് വർക്കേഴ്സ് യൂനിയൻ ഗൂഗിളിലെ ജാതിവിവേചനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. 20ഓളം ഗൂഗിൾ ജീവനക്കാരിൽനിന്ന് ജാതിവിവേചനം നേരിട്ടതായാണ് യൂനിയൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വെളിപ്പെടുത്തിയത്. ഇന്ത്യക്കാർ മാത്രമല്ല യു.എസ് പൗരന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അനീതിയും വിവേചനവും

കമ്പനിക്കുള്ളിലെ ജാതി വിവേചനം ഇ-മെയിലുകളിൽ പോലും പ്രകടമായിരുന്നുവെന്ന് തനൂജ പറയുന്നു. ഇതിനു പുറമെ ഒരേ ടീമിൽ തന്നെ ഉയർന്ന ജാതിയിലുള്ളവർ, താഴ്ന്ന ജാതിയിലുള്ളവർ എന്ന വേർതിരിവുണ്ടായിരുന്നു. ആനുകൂല്യങ്ങൾ ഉന്നത ജാതിക്കാരുടെ മാത്രം കുത്തകയായിരുന്നു. താഴ്ന്ന ജാതിയിലുള്ളവരാകട്ടെ ടീമംഗങ്ങളിൽനിന്നും കമ്പനിയിൽനിന്നും അവഗണനയും വിവേചനവും നേരിട്ടുകൊണ്ടേയിരുന്നു.

മികച്ച അസൈൻമെന്റുകൾ ഉയർന്ന ജാതിക്കാർക്ക് മാത്രം നൽകി. താഴ്ന്നവരെന്ന് പറയപ്പെടുന്നവരെ മീറ്റിങ്ങുകളിൽനിന്ന് പോലും ഒഴിവാക്കാൻ തുടങ്ങി. അവരെ വ്യത്യസ്തരായി മാത്രമാണ് പരിഗണിച്ചത്. ഇത് ഗൂഗിളിലെ ജീവനക്കാർ തന്നെ നേരിട്ട് അറിയിച്ച കാര്യങ്ങളാണെന്ന് തനൂജ പറയുന്നു.

'ശരിക്കും പ്രശ്നം മനസിലാക്കിയില്ലെങ്കിൽ നമുക്കുചുറ്റും സംഭവിക്കുന്നത് എന്താണെന്നുപോലും പലപ്പോഴും മനസിലാകില്ല. ചെറിയ കാര്യങ്ങളിൽ പോലും വലിയ വെറുപ്പും വിദ്വേഷവും വിവേചനവും ഒളിഞ്ഞിരിപ്പുണ്ട്. കമ്പനിക്കുള്ളിലെ ചില സംസാരങ്ങളാണ് മറ്റൊന്ന്. ചില മാനേജർമാർ ജാതിപ്പേരുകൂടി ചോദിക്കാറുണ്ട്. അതുകേട്ട ശേഷമാണ് നമ്മുടെ സ്ഥാനം അവർ തീരുമാനിക്കുക. അവരെ തൃപ്തിപ്പെടുത്തുന്ന ഉയർന്ന ജാതിപ്പേരാണെങ്കിൽ 'നിങ്ങൾ ഈ ജാതിയിൽ നിന്നുള്ളവരാണോ, നിങ്ങൾക്ക് ഈ നേതൃപാടവങ്ങൾ ഉണ്ടായതിൽ അതിശയിക്കേണ്ടതില്ല' എന്നു തുടങ്ങിയ അഭിനന്ദനങ്ങൾ ലഭിക്കും'-തനൂജ വെളിപ്പെടുത്തുന്നു.

സൗന്ദരരാജന്റെ പ്രസംഗവും വിവാദങ്ങളും

ദലിത് പൗരാവകാശ സംഘടനയായ ഇക്വാലിറ്റി ലാബിന്റെ സ്ഥാപകയായ തേൻമൊഴി സൗന്ദരരാജനെ 'ജാതി വിവേചനം' എന്ന വിഷയത്തിൽ സംസാരിക്കാൻ കമ്പനിയിലേക്ക് ക്ഷണിച്ചതാണ് തനൂജ ഗുപ്തയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ തുടക്കം. പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കമ്പനിയിൽനിന്ന് തന്റെ വൈസ് പ്രസിഡന്റിനും എച്ച്.ആർ മേധാവിക്കും ചീഫ് ഡൈവേഴ്‌സിറ്റി ഓഫീസർക്കും സി.ഇ.ഒക്കുമടക്കം നിരവധി ഇ-മെയിലുകൾ ലഭിച്ചുവെന്ന് തനൂജ പറയുന്നു.

പ്രഭാഷണത്തിനായി തിരഞ്ഞെടുത്ത വിഷയം ജീവനക്കാർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. പ്രഭാഷണത്തിനു തിരഞ്ഞെടുക്കപ്പെട്ടയാൾ അതിനു യോഗ്യയല്ലെന്നും പരാതിയായി അവതരിപ്പിക്കപ്പെട്ടു. ജീവനക്കാർക്കിടയിൽ ശത്രുതാപരമായ അവസ്ഥ സൃഷ്ടിക്കുന്നുവെന്നും ആരോപണമുണ്ടായി.

ഒടുവിൽ പ്രഭാഷണത്തിനു നിശ്ചയിച്ച തിയതിക്കു രണ്ടുദിവസം മുൻപ് പരിപാടി റദ്ദാക്കി. പിന്നാലെ തേൻമൊഴി സൗന്ദരരാജനെ ഹിന്ദു വിരുദ്ധയെന്നും ഹിന്ദുഫോബിക്കെന്നും മുദ്രകുത്തിയുള്ള പ്രചാരണമുണ്ടായി. നിരന്തരമായ ഭീഷണികളും സൗന്ദരരാജന് നേരിടേണ്ടി വന്നു. ഒടുവിൽ സുരക്ഷാഭീഷണിയെ തുടർന്ന് കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് താമസംമാറാൻ പോലും അവർ നിർബന്ധിതയായി.

ഒടുവിൽ രാജി

സൗന്ദരരാജന്റെ പരിപാടി റദ്ദാക്കിയതിന് പിന്നിലെ കാരണം തേടി ഗൂഗിളിന് തനൂജ ഇ-മെയിൽ അയച്ചിരുന്നു. സൗന്ദരരാജനും തനൂജയുടെ ജീവനക്കാർക്കും കിട്ടിയ ഭീഷണി മെയിലുകളടക്കം അയച്ചിരിക്കുന്നത് ഗൂഗിളിനുള്ളിലെ ജീവനക്കാർ തന്നെയെന്ന് ഇതിനിടെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കാരണം തേടി തനൂജ അധികൃതരെ സമീപിച്ചത്. തുടർച്ചയായി ഇ-മെയിലുകൾ അയച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.

ഇതേതുടർന്ന് ജീവനക്കാരെ സംഘടിപ്പിച്ച് ഒരു നിവേദനം തയാറാക്കി. ഒറ്റ രാത്രി കൊണ്ട് 400 ഒപ്പുകളാണ് ശേഖരിച്ചത്. സൗന്ദരരാജന്റെ സംഭവത്തെ കുറിച്ചും ജാതിവിവേചനത്തെ കുറിച്ചും കൂടുതൽ ജീവനക്കാരെ ബോധവാന്മാരാക്കുകയായിരുന്നു ലക്ഷ്യം. പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്പനി തനൂജക്ക് നോട്ടീസ് നൽകി. സൗന്ദരരാജന്റെ പരിപാടി സംഘടിപ്പിച്ചതിലൂടെയും നിവേദനം തയാറാക്കിയതിലൂടെയും കമ്പനിയെ പരസ്യമായി വിമർശിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് തനൂജയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തനൂജയ്ക്കു കീഴിലുള്ള ജീവനക്കാർക്കെതിരെയും നടപടികൾ ആരംഭിച്ചിരുന്നു.

'നോട്ടീസ് കിട്ടിയപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായി. കരിയർ അവസാനിച്ചെന്ന് ഏകദേശം ഉറപ്പായപ്പോഴും എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി അധികൃതർ നൽകിയില്ലെന്നത് മാത്രമായിരുന്നു അലട്ടിയിരുന്ന ഒരേയൊരു കാര്യം. നോട്ടീസിലെ പല നിബന്ധനകളും അവ്യക്തമായിരുന്നു. എങ്കിലും കമ്പനിയിൽ ഞാൻ തുടരുന്നതിനോട് അവർക്ക് യാതൊരു താൽപര്യവുമില്ലെന്ന് വ്യക്തമായിരുന്നു. അതിനാലാണ് രാജിയിലേക്ക് തിരിഞ്ഞതും. പക്ഷേ, കമ്പനി വിടുന്നതിന് മുൻപ് എന്റെ ടീം നല്ല നിലയിലാണെന്ന് ഉറപ്പാക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.' തനൂജ പറഞ്ഞു.

ഈ ഒരു അവസ്ഥ ഗൂഗിളിൽ മാത്രമല്ല, മിക്കയിടങ്ങളിലും സംഭവിക്കുന്നതാണ്. ദക്ഷിണേഷ്യൻ ജീവനക്കാർ ഒരുപാടുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, ഗൂഗിൾ പോലൊരു കമ്പനിയിൽ ഇങ്ങനെ സംഭവിക്കുന്നതും ചോദ്യം ചെയ്തിട്ടും നടപടിയില്ലാത്തതും ഏറെ വിചിത്രമാണ്. ഞാനൊരു പാതി ഹിന്ദുവാണ്. എനിക്ക് മാത്രമല്ല, നിങ്ങൾക്കും ജാതിവിവേചനത്തെ കുറിച്ച് സംവദിക്കാം. ചിലതിൽ മതപരമായ വേരുകളുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, പ്രധാനമായും സാമൂഹിക-സാമ്പത്തിക പ്രശ്നത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്ന ബോധ്യമുണ്ടാകണമെന്നും തനൂജ ഗുപ്ത കൂട്ടിച്ചേർത്തു.

Summary: Tanuja Gupta, former senior manager at Google, opened up about the issues of caste discrimination in the company

Similar Posts