ഒരു സാമൂഹ്യ മാധ്യമത്തിന്‍റെ ദുരുപയോഗത്തിന് ഉടമ എങ്ങനെ ഉത്തരവാദിയാകും? ഔദ്യോഗിക വിശദീകരണവുമായി ടെലഗ്രാം
|അതേസമയം ദുറോവിനെ തടങ്കലിൽ വച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് ഫ്രാൻസിലെ റഷ്യൻ എംബസി ആവശ്യപ്പെട്ടു
ദുബൈ: പവേൽ ദുറോവിന്‍റെ അറസ്റ്റിൽ ഔദ്യോഗിക വിശദീകരണവുമായി ടെലഗ്രാം. ദുറോവിന് ഒന്നും ഒളിക്കാനില്ലെന്നാണ് പ്രസ്താവന. അതേസമയം ദുറോവിനെ തടങ്കലിൽ വച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് ഫ്രാൻസിലെ റഷ്യൻ എംബസി ആവശ്യപ്പെട്ടു.
ടെലഗ്രാം ആപ്പ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചെന്നാരോപിച്ചാണ് സ്ഥാപകനും സിഇഒയുമായ പവേൽ ദുറോവ് ഫ്രാൻസിൽ വെച്ച് അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ടെലഗ്രാം എത്തിയത്. ഒരു സാമൂഹ്യ മാധ്യമത്തിന്‍റെ ദുരുപയോഗത്തിന് അതിന്‍റെ ഉടമ ഉത്തരവാദിയാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വാദം. ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ആപ്പ് പാലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദുറോവിന് നിയമപരമായ പിന്തുണ ഉറപ്പാക്കുമെന്നും ടെലഗ്രാം പറയുന്നു.
നിലവിൽ പാരീസിലെ വിമാനത്താവളത്തിലെ സ്വകാര്യ ജെറ്റിൽ തടങ്കലിൽ തുടരുകയാണ് ദുറോവ്. അതേസമയം തടങ്കലിൽ വച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ദുറോവിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഫ്രാൻസിലെ റഷ്യൻ എംബസി ആവശ്യപ്പെട്ടു. നേരത്തെ മനുഷ്യാവകാശ സംഘടനകൾ തുടരുന്ന മൗനത്തിൽ അവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.