World
Gaza,Gaza attack,Temporary cease-fire declaration extends in Gaza,humanitarian pauses,Humanitarian pause in Gaza, ceasefire,Israel and Hamas,conflict in Palestine,ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ,ഗസ്സ,താൽക്കാലിക വെടിനിർത്തൽ
World

ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം നീളുന്നു; മധ്യസ്ഥനീക്കം തുടരുന്നതായി ഖത്തർ

Web Desk
|
23 Nov 2023 2:00 PM GMT

അൽ ശിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടർമാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു

ഗസ്സ സിറ്റി: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം നീളുന്നു. മധ്യസ്ഥ നീക്കം തുടരുന്നതായി ഖത്തർ അറിയിച്ചു. വെടിനിർത്തൽ ചർച്ചകൾക്കിടെ ഗസ്സയിലുടനീളം വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. അൽ ശിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടർമാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും റഫയിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. താമസ സമുച്ചയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രായേലി സേന ഭീഷണി മുഴക്കി.നൂറോളം രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഗസ്സ സിറ്റിയിലെ ഷാതി ക്യാമ്പിൽ ഇസ്രായേൽ റെയ്ഡും ആക്രമണവും തുടരുകയാണ്. ഹമാസ് കേന്ദ്രങ്ങൾ പിടിച്ചെടുത്തതായും ക്യാമ്പിൽ നിന്ന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.

അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രായേൽ സേന കൂട്ട അറസ്റ്റ് തുടരുകയാണ്. ഇന്ന് മാത്രം 90 ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. അസ്സൂനിലും അറൂബ് അഭയാർഥി ക്യാമ്പിലും റെയ്ഡും അറസ്റ്റും തുരുകയാണ്. അൽശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സൽമിയയെയും ഡോക്ടർമാരെയും ഇസ്രായേൽ അറസ്റ്റ് ചെയ്തു. നടപടിക്ക് പിന്നാലെ ഗസ്സയിൽ പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിൽ ഇനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അറസ്റ്റിന്റെ ഉത്തരവാദിത്തം യുഎന്നിനാണെന്നും ഗസ്സ ആരോഗ്യമന്ത്രി അഷ്‌റഫ് അൽഖുദ്‌റ പറഞ്ഞു. അറസ്റ്റ് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഹമാസ് അറിയിച്ചു.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ടാങ്കുകൾ ഉൾപ്പെടെ 11 സൈനികവാഹനങ്ങൾ തകർത്തെന്ന് അൽഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.ഇതിനിടെ ഇസ്രായേൽ ലബനാൻ അതിർത്തിയിലും കനത്ത വ്യേമാക്രമണം തുടരുകയാണ്. 35 റോക്കറ്റുകളും ആന്റി ടാങ്ക് മിസൈലുകളുമാണ് വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽ നിന്ന് തൊടുത്തത്.കിരിയത്ത് ഷ്‌മോനയടക്കമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്.

ഹിസബുല്ല കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് ഹിസ്ബുല്ല പോരാളികളെ വധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏതുഭാഗത്തായാലും വകവരുത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിട്ടിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസ്സാദിനാണ് നിർദേശം നൽകിയത്.

Similar Posts