World
Terror attack in Russia: Death toll rises to 115
World

റഷ്യയിലെ ഭീകരാക്രമണം: മരണസംഖ്യ 143 ആയി

Web Desk
|
23 March 2024 10:25 AM GMT

മോസ്‌കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീതനിശക്കിടെയാണ് വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. സംഭവത്തിൽ 180 - ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. മോസ്‌കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീതനിശക്കിടെയാണ് വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്. 100 റിലധികം പേർക്ക് പരിക്കേറ്റതായും റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തെ യു.എൻ രക്ഷാ കൗൺസിൽ അപലപിച്ചു.

സംഗീത നിശക്കിടെ അഞ്ച് തോക്കുധാരികൾ ഹാളിലേക്ക് കടന്നു വരികയും വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് സ്ഫോടനവും തീ പിടിത്തവും ഉണ്ടായതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശേഷം ഹാളിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ തീ പിടിത്തത്തിൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തെ തുടർന്ന് ആളുകൾ ഓടുന്നതും മറഞ്ഞിരിക്കുന്നതുമായ വീഡിയോ റഷ്യൻ മാധ്യമങ്ങൾ വിട്ടു. ആളുകളെ ഒഴിപ്പിക്കാൻ വലിയ പൊലീസ് സേനയാണ് സ്ഥലത്തെത്തിയത്. പരിക്കു പറ്റിയവരെ ആശുപത്രിയിൽ എത്തിക്കാൻ 50 ആംബുലൻസുകളും എത്തിയിരുന്നു.

മോസ്‌കോ ഗവർണ്ണർ ആന്ദ്രേ വോറോബിയോവ് സംഭവസ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രതികളെ പിടിക്കാൻ പ്രത്യേക സേന ഓപ്പറേഷൻ ആരംഭിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റഷ്യയിലെ യു.എസ് എംബസി ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത 48 മണിക്കൂറിൽ ഒത്തുചേരലുകൾ ഒഴിവാക്കാനും യു.എസ് ആളുകളോട് ആവശ്യപ്പെട്ടിരുന്നു.

മോസ്‌കോയിൽ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് പ്രാർത്ഥനകൾ നേരുകയും സംഭവത്തിൽ റഷ്യൻ ഭരണകൂടത്തോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും മോദി അറിയിച്ചു.

Similar Posts