World
ഒഴിച്ചിട്ട കസേരകൾ, കൊറിക്കാൻ പലഹാരങ്ങൾ; തായ്‌ലൻഡിൽ മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനം
World

ഒഴിച്ചിട്ട കസേരകൾ, കൊറിക്കാൻ പലഹാരങ്ങൾ; തായ്‌ലൻഡിൽ 'മരിച്ചവർക്കായി' സെമിത്തേരിയിൽ സിനിമാ പ്രദർശനം

Web Desk
|
8 July 2024 11:23 AM GMT

സെമിത്തേരിയിൽ 2,800 പേരെയാണ് അടക്കിയിട്ടുള്ളത്

തായ്‌ലൻഡ്: ലോകത്തെമ്പാടും പലരീതിയിലുള്ള സിനിമാപ്രദർശനങ്ങൾ നടക്കാറുണ്ട്. എന്നാൽ തായ്‌ലൻഡിൽ കഴിഞ്ഞദിവസം നടന്ന ഒരു സിനിമാ പ്രദർശനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്. മറ്റാർക്കുമല്ല, 'മരിച്ചവർക്ക്' വേണ്ടിയായിരുന്നു സിനിമാ പ്രദർശനം നടത്തിയത്.

സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ രണ്ടുമുതൽ ആറുവരെയായിരുന്നു തായ്‌ലൻഡിലെ ഒരു ശ്മശാനത്തിൽ മരിച്ചുപോയവർക്ക് വേണ്ടി പ്രത്യേക സിനിമാ പ്രദർശനം നടത്തിയത്.

തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിൽ 2,800 പേരെയാണ് അടക്കിയിട്ടുള്ളത്. സിനിമാ പ്രദർശനത്തിന് വേണ്ടി ജോലിക്കാർ ഇരിപ്പിടങ്ങൾ നിരത്തിയെന്നും അവർക്ക് കഴിക്കാന്‍ പലഹാരങ്ങളടക്കം നിരത്തിവെച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

വൈകുന്നേരം ഏഴുമണി മുതൽ അർധരാത്രി വരെയായിരുന്നു ഔട്ട്‌ഡോർ സിനിമാ പ്രദർശനം നടന്നത്. നാല് ശ്മശാനം ജീവനക്കാർ മാത്രമായിരുന്നു പ്രദർശനങ്ങൾക്ക് മേൽനോട്ടം വഹിച്ചതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിനിമാ പ്രദർശനത്തിന് പുറമെ വിരുന്നും ഭക്ഷണവും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മാതൃകാവീടുകളും ഒരുക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

തായ്‌ലൻഡിലെ പല ചൈനീസ് കമ്മ്യൂണിറ്റികളിലും ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിന് മുമ്പോ ശേഷമോ അല്ലെങ്കിൽ ചിംഗ് മിംഗ് ഫെസ്റ്റിവലിന് ശേഷമോ 'മരിച്ചവർക്കായി' സിനിമകൾ പ്രദർശിപ്പിക്കുന്നത് പതിവാണെന്ന് സംഘാടകരായ സോംചായ് പറയുന്നു. എന്നാൽ ഒരു സെമിത്തേരിയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ ആദ്യം ഭയമായിരുന്നുവെന്ന് ഇവന്‍റ് കരാറുകാരൻ യാനവുത് ചക്രവത്തിസവാങ് സമ്മതിക്കുന്നു. എന്നിരുന്നാലും ഈ അനുഭവം മറക്കാനാവാത്തതാണെന്നായിരുന്നു അദ്ദേഹം പറയുന്നത്.

Similar Posts