ചോറും സാമ്പാറും അവിയലും പപ്പടവും കൂട്ടി ഒരു 'പിടിപിടിച്ച' തായ്‍ലാന്‍ഡ് യു ട്യൂബര്‍; വൈറലായി പ്രതികരണം
|ഒരിക്കല്‍ കഴിച്ചവര്‍ക്ക് ഒരിക്കലും മാഞ്ഞുപോകാത്ത രുചിയായി അതങ്ങനെ നാവിലും മനസിലും തങ്ങിനില്‍ക്കും
എരിവും പുളിയും മധുരവുമൊക്കെ ചേര്‍ന്ന വൈവിധ്യത്തിന്‍റെ രുചികളാണ് ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍. ചോറാണെങ്കില്‍ സാമ്പാറും അവിയലും പപ്പടവും കൂട്ടുകറിയും പിന്നെ മറ്റുകറികളും കൂട്ടിയൊരു സദ്യ. ഇഡ്ഡലിയോ ദോശയോ ആണെങ്കില്‍ ചട്നിയോ സാമ്പാറോ...അങ്ങനെ അന്യ സംസ്ഥാനക്കാര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അത്ഭുതം തന്നെയാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍. ഒരിക്കല്‍ കഴിച്ചവര്‍ക്ക് ഒരിക്കലും മാഞ്ഞുപോകാത്ത രുചിയായി അതങ്ങനെ നാവിലും മനസിലും തങ്ങിനില്‍ക്കും. ദക്ഷിണേന്ത്യന്‍ താലി മീല്‍സ് കഴിച്ച തായ്‍ലാന്‍ഡ് യു ട്യൂബറുടെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ബാങ്കോക്കിലുള്ള സുഖം റസ്റ്റോറന്‍റില്‍ വച്ചാണ് ഫുഡ് വ്ലോഗറായ മാര്‍ക്ക് വൈന്‍സ് താലി മീല്‍സ് പരീക്ഷിക്കുന്നത്. വാഴയിലയില്‍ പരമ്പരാഗത വിഭവങ്ങളെല്ലാം ചേര്‍ത്താണ് മാര്‍ക്ക് സദ്യ കഴിച്ചത്. പൊന്നിയരി കൊണ്ടുള്ള ചോറ്, കൂട്ടിനു സാമ്പാറും അവിയലും ക്യാബേജ് തോരനും മേമ്പോടിയായി അച്ചാറുമൊക്കെ കൂട്ടി മാര്‍ക്ക് കഴിക്കുന്നതു കണ്ടാല്‍ തന്നെ കൊതിയാകും. അവസാനം കൈക്കുമ്പിളില്‍ രസമൊഴിച്ച കഴിക്കുന്നതും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. എല്ലാ വിഭവങ്ങളും വളരെ ആസ്വദിച്ചാണ് മാര്‍ക്ക് കഴിക്കുന്നത്. വൈവിധ്യം നിറഞ്ഞു മനോഹരമായ ഭക്ഷണമെന്നാണ് മാര്‍ക്ക് താലി മീല്‍സിനെ വിശേഷിപ്പിച്ചത്.