പഞ്ച്ശീർ പിടിക്കാനുള്ള പോരാട്ടം തുടരുന്നു
|പഞ്ച്ശീർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാൽ താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുകയാണ്
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പിടിക്കാനുള്ള ജീവന്മരണ പോരാട്ടം തുടരുന്നു. പഞ്ച്ശീർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാൽ താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുകയാണ്. ഖത്തറിന്‍റെ സഹായത്തോടെ കാബൂൾ വിമാനത്താവളം ഉടൻ പ്രവർത്തന സജ്ജമാകും.
അഫ്ഗാനിസ്ഥാനിൽ താലിബാനു മുന്‍പില്‍ കീഴടങ്ങാത്ത ഏകപ്രവിശ്യയായ പഞ്ച്ശീറിൽ രണ്ടു ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. പഞ്ച്ശീർ താഴ്‍വര താലിബാൻ വളഞ്ഞു കഴിഞ്ഞു. താഴ്‍വരയിലേക്കുളള വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താലിബാൻ വിച്ഛേദിച്ചുതായി റിപ്പോർട്ടുണ്ട്. എന്നാൽ 350 ലധികം താലിബാൻ സേനാംഗങ്ങളെ വധിച്ചെന്ന് പഞ്ച്ശീർ പ്രതിരോധ സേന അവകാശപ്പെട്ടു. പഞ്ച്ശീറിൽ നിന്നും തജികിസ്ഥാനിലേക്ക് ഒളിച്ചോടി എന്ന വാർത്ത മുൻ വൈസ് പ്രസിഡന്‍റ് അംറുല്ല സ്വാലിഹ് നിഷേധിച്ചു. വിഷയത്തിൽ യു.എൻ ഇടപെടണമെന്ന് അംറുല്ല ആവശ്യപ്പെട്ടു.
അവസാന ശ്വാസം വരെ പൊരുതുമെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദും അറിയിച്ചു. എന്നാൽ പഞ്ച്ശീറിൽ വിജയം അവകാശപ്പെട്ട് കാബൂളിൽ താലിബാൻ ആഘോഷം തുടങ്ങി. പഞ്ച്ശീറിൽ പോരാട്ടം തുടരുന്നതുകൊണ്ടാണ് താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുകയാണ് . നയതന്ത്രത്തിലൂടെ പഞ്ച്ശീർ നേതാക്കളെ കൂടി സർക്കാരിന്‍റെ ഭാഗമാക്കി പഞ്ച്ശീർ പിടിക്കാനായിരുന്നു താലിബാൻ നീക്കം. പക്ഷേ പഞ്ച്ശീർ നേതാക്കൾ വഴങ്ങിയില്ല. തുടർന്നായിരുന്നു താലിബാൻ പോരാട്ടത്തിനിറങ്ങിയത്.
അതേസമയം കാബൂൾ വിമാനത്താവളം അന്താരാഷ്ട്ര സർവീസുകൾക്കായി ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് ഖത്തർ അറിയിച്ചു. സാങ്കേതിക സഹായം നൽകാൻ ഖത്തറിൽ നിന്നുള്ള പ്രത്യേക സംഘം കാബൂളിലുണ്ട്. വിമാനത്താവളം വഴി അഫ്ഗാനിലേക്ക് സഹായങ്ങളെത്തിക്കുന്നതിനും അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുമായിരിക്കും മുൻഗണന നൽകുക