World
ചെലവ് താങ്ങുന്നില്ല; ശ്രീലങ്ക തെരുവ് വിളക്കുകൾ അണയ്ക്കുന്നു
World

ചെലവ് താങ്ങുന്നില്ല; ശ്രീലങ്ക തെരുവ് വിളക്കുകൾ അണയ്ക്കുന്നു

Web Desk
|
31 March 2022 3:26 PM GMT

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്ക ഡീസലിനും ക്ഷാമം നേരിടുകയാണ്

തെരുവു വിളക്കുകൾ അണയ്ക്കാനൊരുങ്ങി ശ്രീലങ്ക. ചെലവ് ചുരുക്കുന്നതിന്റെയും വൈദ്യുതി ലാഭിക്കുന്നതിന്റെയും ഭാഗമായാണ് ശ്രീലങ്കയുടെ പുതിയ തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ദീർഘ നേരത്തേക്ക് പവർ കട്ട് ഏർപ്പെടുത്തിയിരുന്നു.

ശ്രീലങ്ക ഡീസലിനും ക്ഷാമം നേരിടുകയാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സർക്കാരിന്റെ പക്കലില്ലാത്തതിനാലാണ് രാജ്യം ഇന്ധന ക്ഷാമവും നേരിടുന്നത്. വൈദ്യുതി ലാഭിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തെരുവ് വിളക്കുകൾ അണയ്ക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാരാച്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാർച്ചിൽ റീട്ടെയിൽ പണപ്പെരുപ്പം 18.7 ശതമാനത്തിലെത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. ഭക്ഷ്യവിലപ്പെരുപ്പം മാർച്ചിൽ 30.2 ശതമാനത്തിലെത്തി. ഇത് കറൻസി മൂല്യത്തകർച്ചയ്ക്കും കാരണമായി. 'ഒരു ദശാബ്ദത്തിനിടെ ശ്രീലങ്ക നേരിടുന്ന ഏറ്റവും മോശം പണപ്പെരുപ്പമാണ് ഇത്,' ഫസ്റ്റ് ക്യാപിറ്റൽ റിസർച്ചിലെ റിസർച്ച് മേധാവി ഡിമന്ത മാത്യു പറഞ്ഞു. ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളറിന്റെ ഡീസൽ കയറ്റുമതി ശനിയാഴ്ച പ്രതീക്ഷിച്ചിരുന്നതായി ശ്രീലങ്കൻ അധികൃതർ വ്യക്തമാക്കി. ''അത് വന്നാൽ ഞങ്ങൾക്ക് ലോഡ് ഷെഡിംഗ് സമയം കുറയ്ക്കാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് മഴ ലഭിക്കുന്നതുവരെ, ഒരുപക്ഷേ മെയ് മാസത്തിൽ കുറച്ച് സമയം, പവർകട്ട് തുടരേണ്ടിവരും, നമുക്ക് മറ്റൊന്നും ചെയ്യാനില്ല.'' വൈദ്യുതി മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പലരും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. സേവനയോഗ്യമായ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ഡീസൽ ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു. ജനറേറ്ററുകൾക്ക് ഡീസൽ ഇല്ലാത്തതിനാൽ, ഇന്ന് മുതൽ 13 മണിക്കൂർ പവർ കട്ട് നടപ്പിലാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ എം.എം.സി ഫെർഡിനാൻഡോ അറിയിച്ചു

Similar Posts