ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ; മരണം 40,476 ആയി
|വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ദോഹയിൽ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നൽകുന്ന സൂചന
ദുബൈ: ഗസ്സയിൽ വിവിധ ആക്രമണ സംഭവങ്ങളിലായി ഇന്നലെ നാൽപതിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികളെയും ഇസ്രായേൽ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ക്രൂരതയിൽ 40,476 ഫലസ്തീനികൾക്ക് ഇതിനകം ജീവൻ നഷ്ടമായി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നൽകുന്ന സൂചന. ഗസ്സക്കും ഈജിപ്തിനും ഇടയിലെ ഫലാഡൽഫി, നെറ്റ്സറിം ഇടനാഴികളിൽനിന്ന് സൈനിക പിൻമാറ്റം സാധ്യമല്ലെന്ന ഇസ്രായേൽ നിലപാടാണ് കൈറോ ചർച്ചക്ക് തിരിച്ചടിയായത്.
ഗസ്സയിൽ നിന്നുള്ള സമ്പൂർണ സൈനിക പിൻമാറ്റത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് ഹമാസ് നിലപാട്. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ, സ്ഥിതിഗതികൾ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് അമേരിക്കൻ വിലയിരുത്തൽ.
ഗസ്സ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്ന് പെൻറഗൺ വ്യക്തമാക്കി. അതേസമയം ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന് യെമനിലെ ഹൂതികൾ ഉയർത്തുന്ന വെല്ലുവിളി വേറിട്ടുതന്നെ കാണുമെന്നും പെന്റഗൺ അറിയിച്ചു.
യു.എസ് സൈനിക മേധാവി ജനറൽ സിക്യു ബ്രൗൺ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, സൈനിക തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി എന്നിവരുമായി സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ലബനാൻ, ഇസ്രായേൽ അതിർത്തികേന്ദ്രങ്ങളിൽ സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്.
അൽ അഖ്സ പള്ളിയിൽ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രി ബെൻഗവിറിന്റെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. തീകൊണ്ടുള്ള അപകടകരമായ കളിയാണിതെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. പള്ളിയുടെ പവിത്രത തകർക്കാനോ അധികാരത്തിൽ കൈകടത്താനോ തുനിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറബ് ലീഗ്, ഒ.ഐ.സി കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.