'ഡോഡോ പക്ഷി' തിരിച്ചു വരുന്നു; ഡി.എൻ.എ സീക്വൻസിങ് പൂർത്തിയായി
|ഡോഡോ പക്ഷികൾക്ക് ഒരു മീറ്ററോളം ഉയരവും ഏകദേശം 20 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു
കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ളതും എന്നാൽ കണ്ടിട്ടില്ലാത്തതുമായ ഒരു ജീവിയാണ് ഡോഡോ പക്ഷി. വംശനാശം സംഭവിച്ച, പറക്കമുറ്റാത്ത പക്ഷിയുടെ കഥകളും ഡിജിറ്റൽ ആർട്ട് സൃഷ്ടികളും വർഷങ്ങളായി കാർട്ടൂണുകളിലും ഡോക്യുമെന്ററികളിലും ഉപയോഗിച്ചുവരുന്നുണ്ട്. 'ആലീസ്'സ് അഡ്വഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ്' എന്ന കഥയിലൂടെയാണ് ഈ പക്ഷി ഫെയ്മസായത്. ഡോഡോ പക്ഷികൾക്ക് ഒരു മീറ്ററോളം ഉയരവും ഏകദേശം 20 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ശരീരത്തിന്റെ വലുപ്പവും ചിറകുകളുടെ പ്രത്യേകതയും മൂലം ഇവക്ക് പറക്കാൻ കഴിയുമായിരുന്നില്ല. 1598ൽ ദ്വീപുകളിൽ എത്തിയ ഡച്ച് നാവികരാണ് ഇവയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത്. ഡോഡോകൾ മനുഷ്യ സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. എന്നാൽ വംശനാശത്തിന്റെ പ്രതീകം കൂടിയാണിവ. 1600 മുതൽ ഈ പക്ഷിക്ക് വംശനാശം സംഭവിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്‌കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൗറീഷ്യസ് ദ്വീപിലെ ഒരു പ്രാദേശികമായിരുന്നു ഡോഡോ (റാഫസ് കുക്കുല്ലറ്റസ്). ഡോഡോകൾ ഒരു കാലത്ത് മൗറീഷ്യസിൽ ദ്വീപിൽ സ്വൈര്യവിഹാരം നടത്തിയിരുന്നു. എന്നാൽ 17-ാം നൂറ്റാണ്ടോടെ ഇവ അപ്രത്യക്ഷമായി.1662ന് ശേഷം ഡോഡോ പക്ഷികളെ ജീവനോടെ കണ്ടതായി രേഖകളില്ല. എന്നാൽ ഡോഡോ പക്ഷിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ശാസ്ത്ര ലോകം. പക്ഷിയുടെ മുഴുവൻ ജീനോമും ക്രമപ്പെടുത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞതിനാൽ പക്ഷിയെ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
മൂന്നു നൂറ്റാണ്ട് മുമ്പാണ് വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാൻ ശാസ്ത്രജ്ഞർ ശ്രമം തുടങ്ങിയത്. ഡെൻമാർക്കിലെ കോപ്പൻഹെയ്ഗനിലെ നാച്വുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഡോഡോ പക്ഷിയുടെ സാമ്പിളിൽ നിന്ന് ജനിതകഘടന പൂർണ്ണമായും സീക്വൻസ് ചെയ്തെടുക്കാൻ സാധിച്ചതാണ് ഗവേഷണത്തിന് ഊർജ്ജമായിരിക്കുന്നത്. ഡോഡോ പക്ഷിയുടെ സമ്പൂർണ്ണ ജനിതകഘടന ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ജനിതക സീക്വൻസിങ്ങിന് നേതൃത്വം നൽകിയ യു.എസിലെ കാലിഫോണിയ സർവ്വകലാശാല ഗവേഷക സംഘം ആറിയിച്ചു.
505ൽ ദ്വീപിൽ പ്രവേശിച്ച പോർച്ചുഗീസുകാരും അവരുടെ നായകളും ഭക്ഷണത്തിനായി ഡോഡോ പക്ഷികളെ വ്യാപകമായി വേട്ടയാടിയിരുന്നെന്നും ഇതോടെയാണ് ഇവയുടെ എണ്ണം വൻതോതിൽ കുറഞ്ഞതെന്നും ചരിത്രം പറയുന്നു. പോർച്ചുഗീസ്‌കാരാണ് ഈ പക്ഷിക്ക് ഡോഡോ എന്ന പേര് നൽകിയത്. പോർച്ചുഗീസ് ഭാഷയിൽ ഡോഡോ എന്നാൽ വിഡ്ഡി എന്നാണ് അർത്ഥം.
ഡോഡോ പക്ഷികളുടെ വംശനാശം കാൽവേരിയ മേജർ എന്ന മരത്തിന്റെ എണ്ണം കുറയാനും കാരണമായി. കാൽവേരിയ പഴം കഴിക്കുന്ന ഡോഡോ പക്ഷികൾ അത് വിസർജിക്കുകയും ശേഷം വിസർജിക്കുന്നതിലൂടെ വീഴുന്ന വിത്തുകൾ മുളച്ചാണ് കാൽവേരിയയുടെ തൈകൾ മുളച്ചിരുന്നത്.
ഡോഡോ പക്ഷികളെ പുനസൃഷ്ടിക്കുന്നത് മനുഷ്യർക്ക് യാതൊരു തരത്തിലുമുള്ള ഭീഷണിയും സൃഷ്ടിക്കില്ലെന്നാണ് ബ്രിസ്റ്റൾ സർവ്വകലാശാലയിലെ പാലിയന്റോളജി പ്രഫസറായ മൈക്ക് ബെന്റൺ പറയുന്നത്. ''ഇന്നത്തെ കാലാവസ്ഥയിലും ജീവിക്കാൻ അവക്ക് കഴിയും. അവ മനുഷ്യരെ ഉപദ്രവിക്കുന്ന ജീവിയുമല്ല. എന്നാൽ ഡൈനസോർ വിഭാഗത്തിലെ ടൈറാനോസോറസിനെ പുനസൃഷ്ടിക്കുന്നത് ആലോചിക്കാൻ പോലും കഴിയില്ല. അവയെ പുനസൃഷ്ടിക്കുന്നത് ഭൂമിയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും.''--മൈക്ക് ബെന്റൺ പറയുന്നു.
ഡോഡോയുടെ ജനിതകഘടന പൂർണ്ണമായും ലഭിച്ച സാഹചര്യത്തിൽ പുനസൃഷ്ടിക്കുള്ള നടപടികൾ ഊർജിതമാക്കിയതായി ഗവേഷകർ പറഞ്ഞു. ''സസ്തനികളെ പുനസൃഷ്ടിക്കാൻ എളുപ്പമാണ്.... ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ 1996ൽ തന്നെ നിർമിച്ചിരുന്നല്ലോ. പക്ഷെ, പക്ഷികളെ എങ്ങനെ പുനസൃഷ്ടിക്കുമെന്ന് വ്യക്തമല്ല. അതിനാൽ തന്നെ പരീക്ഷണങ്ങൾ പൂർണ്ണവിജയമാവുമെന്ന് ഇപ്പോൾ പറയാനുമാവില്ലെന്ന് ഗവേഷകർ അറിയിച്ചു.