ഇറ്റലിയിൽ മുസോളനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ വരുന്നു; ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് സൂചന
|എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ വലതുപക്ഷ സർക്കാറാകും മെലോണിയുടേത്
റോം: ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ വരുന്നു, വലതുപക്ഷ നേതാവ് ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാവുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി 41 മുതൽ 45 ശതമാനം വരെ വോട്ടിന് ജയിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. പാർലമെന്റിലെ ലോവർ ഹൗസിൽ 230നടുത്തും, സെനറ്റിൽ 120നടുത്തും സീറ്റ് നേടാനാണ് സാധ്യത.
എതിരാളി എന്റികോ ലെറ്റക്ക് 21 മുതൽ 26 ശതമാനം വോട്ട് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളു, അതേസമയം വോട്ടിങ് അവസാനിച്ചപ്പോൾ ഇറ്റലിയിലെ പോളിങ് 64.7 ശതമാനം മാത്രമാണ് കഴിഞ്ഞ തവണ പോളിങ് 74 ശതമാനമായിരുന്നു. സിസിലി അടക്കമുള്ള തെക്കൻ പ്രദേശങ്ങളിൽ പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്.
എക്സിറ്റ് പോളുകൾ ശരിയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ വലതുപക്ഷ സർക്കാറാകും മെലോണിയുടേത്, മാത്രമല്ല മുസോളിനിക്ക് ശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേറുക.. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർട്ടിക്ക് നേടാനായത്.