ഇസ്രായേലിനെതിരെ നാലാംഘട്ട പോരാട്ടം ആരംഭിച്ചെന്ന് ഹൂതികൾ
|‘ദശലക്ഷക്കണക്കിന് യമനികൾ ഗസ്സയിലെ യുദ്ധത്തിൽ പോരാടാൻ തയ്യാറാണ്’
ഇസ്രായേലിനെതിരായ പോരാട്ടത്തിന്റെ നാലാംഘട്ടം ആരംഭിച്ചതായി യമനിലെ സായുധ വിഭാഗമായ ഹൂതികൾ. ഇതിന്റെ ഭാഗമായുള്ള സുപ്രധാന പ്രവർത്തനങ്ങൾ വരാനിരിക്കുകയാണെന്ന് ഹൂതികളുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‍യ സാരി വ്യക്തമാക്കി.
രണ്ട് ഭാഗങ്ങളായിട്ടാണ് നാലംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഭാഗത്തിൽ മെഡിറ്റേറിയൻ കടലിൽ ഉൾപ്പെടെ ആക്രമണങ്ങളുടെ വ്യാപ്തി വർധിപ്പിക്കും. റഫയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണെങ്കിൽ രണ്ടാം ഭാഗം തുടങ്ങും. ഇസ്രായേലിലേക്ക് സർവീസ് നടത്തുന്ന ഷിപ്പിങ് കമ്പനികളുടെ എല്ലാ കപ്പലുകളെയും ആക്രമിക്കാനാണ് തീരുമാനം.
മെഡിറ്ററേനിയൻ കടൽ വഴി ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് ഹൂതികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച കപ്പലുകളെ സംബന്ധിച്ച പുതിയ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് യഹ്‍യ സാരീ വ്യക്തമാക്കി.
ഹൂതികൾ ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതും ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നതും കേവലം ജനപ്രീതി നേടാനല്ല. മറിച്ച് പ്രയോഗത്തിൽ വേരൂന്നിയ ഒരു നിലപാടാണത്. തങ്ങളുടെ ലക്ഷ്യത്തിനായി ജീവൻ ബലിയർപ്പിക്കാൻ യമൻ ജനത പൂർണ്ണമായും തയ്യാറാണെന്ന് ഉറപ്പിച്ചു പറയുന്നു. ഒരു വഴി ലഭിക്കുകയാണെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ ഇസ്രായേലി ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ ഗസ്സയിൽ പോകുമെന്നും ഹൂതി വക്താവ് ചൂണ്ടിക്കാട്ടി.
യമനിന് നേരെ അമേരിക്ക കരയാക്രമണം നടത്തിയാൽ അതിനെ നേരിടാൻ തങ്ങളുടെ ജനത സ്വയം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഫലസ്തീനിലേക്കുള്ള ഒരു പാത അവർക്കായി തുറന്നുകൊടുത്താൽ അവർ യുദ്ധത്തിനായി പുറപ്പെടും. ഫലസ്തീൻ ജനതയെ പിന്തുണച്ച് അഞ്ചാമത്തെയും ആറാമത്തെയും ഘട്ടങ്ങൾക്കായി കാര്യമായ തയ്യാറെടുപ്പുകളും ഹൂതികൾ നടത്തുന്നുണ്ടെന്ന് യഹ്‍യ സാരീ വ്യക്തമാക്കി.
ചെങ്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമെല്ലാം ഭൂമിയിലെ സ്വേച്ഛാധിപതികളെ ആക്രമിച്ച് തുടങ്ങിയതോടെ ഹൂതികളുടെ തന്ത്രപ്രധാന സ്ഥാനം ലോകം മനസ്സിലാക്കിയിട്ടുണ്ട്. അറബ് കടലുകളും ചെങ്കടലും അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും മെഡിറ്റേറിയൻ കടലിലുമെല്ലാം യെമനികൾ പരമാധികാരം ഉറപ്പിച്ചുകഴിഞ്ഞു.
അമേരിക്കക്കെതിരെ ഒരക്ഷരം മിണ്ടാൻ ആരും ധൈര്യപ്പെടാത്ത അവസ്ഥയിലേക്ക് ലോകം എത്തിയിരിക്കുന്നു. എന്നാൽ, യമൻ അവരുടെ യുദ്ധക്കപ്പലുകളെയും ചരക്ക് കപ്പലുകളെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും അയക്കുന്നുണ്ട്. ഇത് അമേരിക്കയുടെ പ്രശസ്തിക്ക് വലിയ കങ്കമാണ് ചാർത്തിയത്.
ഹൂതികളുടെ പ്രവർത്തനങ്ങൾ കാരണം അമേരിക്കക്ക് സ്വന്തം കപ്പലുകളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. തങ്ങൾ ഇപ്പോഴും അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധത്തിൻ്റെ തുടക്കത്തിൽ മാത്രമാണെന്നും യഹ്‍യ സാരീ പറഞ്ഞു.
ലോകം ഗസ്സയെ കൈവിട്ടിരിക്കുന്നു. പക്ഷേ യമൻ ചെറുത്തുനിൽപ്പിൻ്റെ അച്ചുതണ്ടിനൊപ്പം നിന്നു. ഈ യുദ്ധം എല്ലാ യമനികളെയും പ്രതിനിധീകരിക്കുന്നതാണ്. ഒരു പ്രത്യേക ഗ്രൂപ്പിന്റേതോ വിഭാഗത്തിന്റോതോ മാത്രമല്ലെന്നും യഹ്‍യ സാരീ ഊന്നിപ്പറഞ്ഞു.
നാലാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഹൂതികളുടെ തീരുമാനത്തെ പ്രകീർത്തിച്ച് ഹമാസ് രംഗത്തുവന്നു. വിവിധ പ്രവർത്തനങ്ങളിലൂടെ ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് ഹൂതികൾ. യമൻ ജനതയെയും സായുധ സേനയുടെ നേതൃത്വം സ്വീകരിച്ച നിലപാടിനെയും പ്രശംസിക്കുകയും അൻസാറുല്ലാഹ് പ്രസ്ഥാനത്തിൻ്റെ നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂത്തിക്ക് ആശംസകൾ നേരുകയും ചെയ്തു.
ഗസ്സയിലെ വെടിനിർത്തൽ നീളുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് നേരത്തേ ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടൽ വഴിയും മെഡിറ്ററേനിയൻ വഴിയും പോകുന്ന ഇസ്രയേലിലേക്കുള്ള കപ്പലുകൾ ആക്രമിക്കും. തങ്ങളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നിടത്തെല്ലാം ഇസ്രയേലിന്റെ കപ്പലുകൾ സുരക്ഷിതമാകില്ലെന്നുമാണ് മുന്നറിയിപ്പ്.