ഹമാസും ഇസ്രായേലും വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മധ്യസ്ഥ രാജ്യങ്ങൾ
|യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലും ഹമാസും എത്രയും പെട്ടെന്ന് വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മൂന്നു രാജ്യങ്ങളും ചേർന്നു തയാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ചർച്ച നടക്കും. ചർച്ചക്ക് പ്രതിനിധികളെ അയക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. പുതിയ ഹമാസ് മേധാവി യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.
അതേസമയം, മുൻ ഹമാസ് തലവൻ ഇസ്മഈൽ ഹനിയ്യയുടെ വധത്തിനുള്ള തിരിച്ചടിയിൽനിന്ന് പിന്നോട്ടില്ലെന്ന് ഇറാനും ഹിസ്ബുല്ലയും ആവർത്തിക്കുന്നുണ്ട്. പ്രത്യാക്രമണ ഭീഷണിയെ തുടർന്ന് യു.എസ് സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില വീണ്ടും തെൽ അവീവിലെത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൈക്കിൾ കുറില ഇസ്രായേലിൽ എത്തുന്നത്.
ഇന്ന് ഗസ്സയിലെ ഖാൻയൂനുസിൽ മുപ്പതിടങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. കരമാർഗവും ഖാൻയൂനുസിൽ ആക്രമണം കടുപ്പിക്കുന്നുണ്ട്. ഖാൻ യൂനുസിലെ മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സേന അറിയിച്ചു. ലെബനാനിലെ സിദോമിൽ നടന്ന വ്യോമാക്രമണത്തിലാണ് മരണം.