World
gaza journalist killed
World

ഗസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 100 കവിഞ്ഞു

Web Desk
|
24 Dec 2023 1:07 PM GMT

സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകാരമുള്ള പരിരക്ഷ ഇസ്രായേൽ ലംഘിക്കുകയാണ്

ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ ഇതുവരെ 103 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ശനിയാഴ്ച ഫലസ്തീൻ ​ജേർണലിസ്റ്റ് മുഹമ്മദ് അബു ഹ്വീദി കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം. ഗസ സിറ്റിയുടെ കിഴക്ക് ഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗസയിലെ അമ്പതിലധികം മാധ്യമ സ്ഥാപനങ്ങളും ഓഫിസുകളും ആക്രമണത്തിൽ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കൂടാതെ ഇസ്രായ്രേൽ നൂറുകണക്കിന് ഫലസ്തീൻ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും തെക്കൻ ഗസയിലേക്ക് ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. വാർത്തകൾ സംപ്രേഷണം ചെയ്യാൻ സഹായകരമാകുന്ന ഉപകരണങ്ങൾ ഉപേക്ഷിച്ചാണ് പലരും ഇവിടെനിന്ന് മാറിയത്.

സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകാരം പരിരക്ഷയുണ്ട്. എന്നാൽ, ഇസ്രായേൽ ഈ നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുകയാണ്. ഫലസ്തീൻ ജനതയുടെ ദുരവസ്ഥ വിവരിക്കുന്ന വാർത്തകളെ ഇല്ലാതാക്കാൻ ഇസ്രായേൽ മനഃപൂർവം തങ്ങളെ വേട്ടയാടുകയാണെന്ന് ഫലസ്തീനിലെ മാധ്യമപ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

ഭയാനകവും ഭീകരവുമായ രീതിയിലാണ് ഇസ്രായേൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിം ഡോസൺ പറഞ്ഞു. ഇതിന് മുമ്പുള്ള ഒരു സംഘർഷത്തിലും ഇത്രയധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ചിന്തിക്കാൻ പോലുമാകില്ല.

സംഘർഷം തുടങ്ങുമ്പോൾ ആയിരത്തോളം മാധ്യമപ്രവർത്തകർ ഗസയിലുണ്ടായിരുന്നു. ഇതിൽ പത്ത് ശതമാനം പേരെങ്കിലും കൊല്ലപ്പെട്ടു. ഈ എണ്ണം തീർത്തും അസാധാരണമാണ്. ഗസയിലെ മാധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ക്യാമറകളും മൈക്രോഫോണുകളും നോട്ട്ബുക്കുകളും മാത്രമേയുള്ളൂ. തങ്ങളുടെ സഹപ്രവർത്തകർ കൊല്ലപ്പെടുമ്പോഴും അവർ സധൈര്യം ജോലി തുടരുകയാണെന്നും ഡോസൺ പറഞ്ഞു.

ഇസ്രായേൽ തങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും പലരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഗസയിലെ മാധ്യമപ്രവർത്തകർ പറയുന്നുണ്ട്. വരും ദിവസങ്ങളിൽ തങ്ങളുടെ ബന്ധുക്കളെയും ലക്ഷ്യമിടുമെന്നും ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയതായി പല മാധ്യമ പ്രവർത്തകരും പറഞ്ഞെന്ന് ഡോസൺ കൂട്ടിച്ചേർത്തു.

ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 20,424 പേരാണ്. 54,036 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേർക്കാണ് ജീവൻ നഷ്ടമായത്.

Summery: The number of journalists killed in Gaza exceeds 100

Related Tags :
Similar Posts