ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു; പട്ടിണിയിൽ പൊറുതിമുട്ടി ഫലസ്തീൻ ജനത
|'എന്റെ മകൾ ഹനിന്റെ മരണം നടന്ന രാത്രി എനിക്ക് മറക്കാൻ കഴിയുന്നില്ല. അവൾ എന്നോട് ഭക്ഷണം ചോദിച്ചപ്പോൾ, ഉറങ്ങൂ, രാവിലെ കൊണ്ടുവരാമെന്നാണ് ഞാൻ പറഞ്ഞത്'
ജെറുസലേം: ഇസ്രായേലിന്റെ അധിനിവേശത്തെ തുടർന്ന് ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു. ഒക്‌ടോബർ ഏഴ് മുതലുള്ള ഇസ്രായേൽ ആക്രമണത്തിൽ ചുരുങ്ങിയത് 29,092 പേർ കൊല്ലപ്പെട്ടതായും 69,028 പേർക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീൻ അധികൃതർ പറയുന്നത്.
അതേസമയം, പട്ടണിയിൽ പൊറുതിമുട്ടുകയാണ് ഫലസ്തീൻ ജനത. നിർജലീകരണവും വിശപ്പും കാരണം ഗസ്സ സിറ്റിയിൽ എട്ട് വയസുകാരിയായ ഫലസ്തീൻ ബാലിക മരിച്ചതായാണ് ശനിയാഴ്ച യൂറോ മെഡ് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഹനിൻ സലേഹ് ഹസ്സൻ ജുമായെന്ന കുട്ടിയാണ് വടക്കൻ ഗസ്സയിൽ മരിച്ചത്. 'എന്റെ മകൾ ഹനിന്റെ മരണം നടന്ന രാത്രി എനിക്ക് മറക്കാൻ കഴിയുന്നില്ല. അവൾ എന്നോട് ഭക്ഷണം ചോദിച്ചപ്പോൾ, ഉറങ്ങൂ, രാവിലെ കൊണ്ടുവരാമെന്നാണ് ഞാൻ പറഞ്ഞത്' പിതാവ് വ്യക്തമാക്കി. എന്നാൽ നേരം വെളുത്തപ്പോൾ അവൾ വിലപിക്കുകയായിരുന്നു. താൻ അവളുടെ അടുത്തിരുന്നപ്പോൾ മരണ ലക്ഷണം കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാനവളെയും കൊണ്ട് കഴുതവണ്ടിയിൽ ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞ് മരിച്ചത് നിർജലീകരണവും ഭക്ഷണം കിട്ടാത്തത് കൊണ്ടുമാണെന്ന് ഡോക്ടർ പറഞ്ഞു.
പട്ടിണി കുഞ്ഞുങ്ങളിലും വയോധികരിലും അപകടം സൃഷ്ടിക്കുമെന്ന് റൈറ്റ്‌സ് മോണിറ്റർ ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. നവജാത ശിശുക്കളടക്കം നിരവധി കുഞ്ഞുങ്ങളുടെ മരണം മോണിറ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലതും നിർജലീകരണവും പട്ടിണിയും മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വേൾഡ് ഫുഡ് പ്രോഗ്രം കണക്കുകൾ പ്രകാരം ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവരിൽ 80 ശതമാനം ഗസ്സയിലെ ഫലസ്തീനികളാണ്. ഡിസംബറിൽ യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ഗസ്സയിലെ 93 ശതമാനം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ അപകടകരമായ വിശപ്പ് അനുഭവിക്കുന്നവരാണെന്ന് മറ്റൊരു യുഎൻ റിപ്പോർട്ടിൽ പറഞ്ഞു.
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കണക്ക് ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇവരിൽ 130 പേർ ഇപ്പോഴും ഗസ്സയിലുണ്ട്. 30 പേർ മരിച്ചതായും ഇസ്രായേൽ കണക്ക്കൂട്ടുന്നു.
The number of people killed in Gaza since the Israeli occupation has exceeded 29,000.