World
The police could not touch Imran Khan for the second day, breaking news malayalam
World

രണ്ടാം ദിവസവും ഇമ്രാന്‍ ഖാനെ തൊടാനാകാതെ പൊലീസ്

Web Desk
|
15 March 2023 12:33 PM GMT

ലാഹോറിൽ ഇമ്രാന്‍റെ വീടിന് മുന്നിൽ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്

ഇസ്‍ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങൾ മറിച്ചുവിറ്റെന്ന തോഷിഖാന കേസിൽ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ ഇസ്ലാമാബാദ് പൊലീസ്. രണ്ടാം ദിവസവും ലാഹോറിൽ ഇമ്രാന്‍റെ വീടിന് മുന്നിൽ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. പ്രതീക്ഷ കോടതിയിലാണെന്ന് ഇമ്രാന്‍ ഖാൻ പ്രതികരിച്ചു. ലാഹോർ സമൻ പാർക്കിലെ ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നിൽ രണ്ടാംദിവസവും പ്രതിഷേധം തുടരുകയാണ്.

ആയിരത്തോളം തെഹ്‌രികെ ഇൻസാഫ് പ്രവർത്തകരാണ് മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാൻ ശ്രമിക്കുന്നത്. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവുംപ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരിക്കെ തനിക്ക് കിട്ടിയ ഉപഹാരങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിറ്റുവെന്ന തോഷിഖാനകേസിലാണ് ഇപ്പോൾ അറസ്റ്റ് നേരിടുന്നത്.പ്രവർത്തകരെ നിയന്ത്രിക്കാനാവില്ലെന്ന്ഇംറാൻ ഖാൻ പറഞ്ഞു.അറസ്റ്റെന്നത് വെറും പ്രഹസനമാണ്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനാണ് ഉദ്ദേശമെന്നും ഇമ്രാൻ ആരോപിച്ചു. പെഷാവർ അടക്കമുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്. 54 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ കൂടുതൽ പ്രവർത്തകരെ എത്തിച്ച് ചെറുക്കാനുള്ള ശ്രമത്തിലാണ് തെഹ്‌രിക്കെ ഇൻസാഫ് പാർട്ടി.



അതേസമയം തന്നെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങണമെന്ന് ഇമ്രാന്‍ ഖാന്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. താന്‍ ജയിലില്‍ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും അവകാശങ്ങള്‍ക്കായി പോരാട്ടം തുടരണമെന്ന് ഇമ്രാൻ ഖാന്‍ ആവശ്യപ്പെട്ടു. "എന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു. നിങ്ങളത് തെറ്റാണെന്ന് തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. നിങ്ങൾ തെരുവിലിറങ്ങണം. ദൈവം ഇമ്രാൻ ഖാന് എല്ലാം തന്നിരിക്കുന്നു. ഞാൻ നിങ്ങള്‍ക്കായി യുദ്ധം ചെയ്യുന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ പോരാടി. ഇനിയും പോരാട്ടം തുടരും. ഇംറാന്‍ ഇല്ലാതെയും പോരാട്ടം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ തെളിയിക്കണം. ഈ അടിമത്തം നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണം. പാകിസ്താൻ സിന്ദാബാദ്"- എന്നാണ് ഇമ്രാൻ ഖാന്‍ പറഞ്ഞത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇസ്‍ലാമാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ വനിതാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിനും ഇമ്രാൻ ഖാനെതിരെ കേസെടുത്തിരുന്നു.


Similar Posts