'ചൊവ്വയിലെ ജനസംഖ്യ ഇപ്പോഴും പൂജ്യമാണ്!'; ഒമ്പതാം കുഞ്ഞ് പിറന്നശേഷം മസ്കിന്റെ ട്വീറ്റ്
|ജനസംഖ്യാ കുറവിനെ സഹായിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്നും ജനനനിരക്ക് കുറയുന്നത് നാഗരികത നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നും മസ്ക്
വാഷിങ്ടൺ: ഇരട്ടകുട്ടികളടക്കം ജനനത്തോടെ ഒമ്പത് മക്കളുടെ അച്ഛനായ ശേഷം ട്വിറ്ററിൽ പ്രതികരിച്ച് ടെസ്ല തലവനും ലോകത്തെ അതിസമ്പന്നനുമായ ഇലോൺ മസ്ക്. 'ചൊവ്വയിലെ ജനസംഖ്യ ഇപ്പോഴും പൂജ്യമാണ്!' എന്നാണ് മസ്ക് ട്വിറ്ററിൽ കുറിച്ചത്. 'നിങ്ങൾക്കും വലിയ കുടുംബമുണ്ടാകുമെന്ന് ഞാൻ പ്രത്യാശ പ്രകടിപ്പിക്കുന്നു. നേരത്തെയുള്ളവരെ അഭിനന്ദിക്കുന്നു' രണ്ടാമത്തെ ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. ജനസംഖ്യാ കുറവിനെ സഹായിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്നും ജനനനിരക്ക് കുറയുന്നത് നാഗരികത നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജനസംഖ്യാ നിയന്ത്രണത്തിനെതിരായ നിലപാടുമായി ഇലോൺ മസ്ക് മുമ്പും രംഗത്ത് വന്നിരുന്നു. താനറിയുന്ന മിക്ക സമ്പന്നർക്കും ഒറ്റ കുഞ്ഞുള്ളവരോ തീരെ മക്കളില്ലാത്തവരോ ആണ്. ഇക്കാര്യത്തിൽ താൻ ഒരു അപൂർവ അപവാദമാണെന്നും മുമ്പൊരിക്കൽ മസ്ക് സൂചിപ്പിച്ചു. പലരും ചിന്തിക്കുന്നതിൽനിന്ന് വിരുദ്ധമായി ഒരാൾ സമ്പന്നനാകുന്നതിനനുസരിച്ച് അവർക്ക് മക്കളും കുറവായിരിക്കും. ഞാൻ അക്കാര്യത്തിൽ ഒരു അപൂർവ അപവാദമാണ്. ഞാൻ അറിയുന്ന മിക്ക ആളുകളും ഒരു കുട്ടിയുള്ളവരോ തീരെ കുട്ടികളില്ലാത്തവരോയാണ്- മസ്ക് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന 'വാഷിങ്ടൺ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം. 50 വർഷത്തോളമായി അമേരിക്കയിലെ ജനനനിരക്ക് കുറഞ്ഞ സുസ്ഥിര നിലവാരത്തിനും താഴെയാണെന്നും നാഗരികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ജനസംഖ്യാ തകർച്ചയെന്ന് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
''കുറച്ച് കുട്ടികളുണ്ടാകുന്നതാണ് പരിസ്ഥിതിക്ക് നല്ലതെന്നാണ് ചിലരുടെ ചിന്ത. നിലവിലെ ജനസംഖ്യ ഇരട്ടിയാണെങ്കിലും പരിസ്ഥിതിക്ക് ഒരു പ്രശ്നവുമുണ്ടാകില്ല. പരിസ്ഥിതി സംബന്ധമായ ഒരുപാട് വിഷയങ്ങൾ എനിക്കറിയാം. ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ളത്. നാഗരികതയുടെ നിലനിൽപിന് കുട്ടികളുണ്ടാകുന്നത് അത്യാവശ്യമാണ്. നാഗരികതയെ ശൂന്യമാകാൻ അനുവദിച്ചുകൂടാ..'' മസ്ക് വ്യക്തമാക്കി.
സ്വന്തം കമ്പനിയിലെ എക്സിക്യൂട്ടീവുമായുള്ള ബന്ധത്തിലാണ് മസ്കിന് കഴിഞ്ഞ വർഷം ഇരട്ടകൾ പിറന്നതെന്നാണ് വിവരം. യു.എസ് ബിസിനസ് വാർത്താ പോർട്ടലായ 'ബിസിനസ് ഇൻസൈഡർ' ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ, മൂന്നു പേരിലായി മസ്കിന്റെ മക്കളുടെ എണ്ണം ഒൻപതായി.മസ്കിനു കീഴിലുള്ള ബ്രെയിൻ ചിപ്പ് വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ 'ന്യൂറാലിങ്ക്' എക്സിക്യൂട്ടീവായ ഷിവോൺ സിലിസുമായുള്ള ബന്ധത്തിലാണ് മസ്ക് രണ്ട് കുഞ്ഞുങ്ങളുടെ കൂടി അച്ഛനായിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പേരുമാറ്റത്തിനായി മസ്കും സിലിസും കഴിഞ്ഞ ഏപ്രിലിൽ കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞുങ്ങളുടെ പേരിൽ അച്ഛന്റെയും അമ്മയുടെയും പേരുകൂടി ചേർത്ത് തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ സമർപ്പിച്ചത്. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ അപേക്ഷയിൽനിന്നാണ് മസ്ക് വീണ്ടും ഇരട്ടകളുടെ അച്ഛനായതായുള്ള വാർത്തകൾ പുറത്തുവന്നത്.
മസ്ക് ട്വിറ്റർ സ്വന്തമാക്കിയാൽ കമ്പനിയെ നയിക്കാനെത്തുക 36കാരിയായ സിലിസ് ആയിരിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. മസ്ക് സഹസ്ഥാപകനായ ന്യൂറാലിങ്കിൽ ഓപറേഷൻസ് ഡയരക്ടറാണ് നിലവിൽ അവർ. 2017ലാണ് കമ്പനിയിൽ ചേരുന്നത്. ഇതേസവർഷം തന്നെ ടെസ്ലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) വിഭാഗത്തിൽ പ്രോജക്ട് ഡയരക്ടറുമായി. പിന്നീട് മസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച എ.ഐ ഗവേഷണ സ്ഥാപനമായ 'ഓപൺഎ.ഐ'യുടെ ബോർഡ് അംഗവുമായി.
കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസൻ, ബ്രിട്ടീഷ് നടിയും എഴുത്തുകാരിയുമായ താലൂല റൈലി, കനേഡിയൻ ഗായിക ഗ്രിംസ് എന്നിവരിലായി മസ്കിന് ഔദ്യോഗികമായി ഏഴ് മക്കളുണ്ട്. സേവ്യർ, ഗ്രിഫിൻ എന്നിങ്ങനെ ഇരട്ടകളും കാ, സാക്സൻ, ഡാമിന, ത വ്വ അതശശ, വൈ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇതിൽ ജസ്റ്റിൻ, താലൂല എന്നിവരുമായി മസ്ക് നേരത്തെ വേർപിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഗ്രിംസിൽ മസ്കിന് ഒരു കുഞ്ഞ് ജനിച്ചത്. നിലവിൽ ഇരുവരും പാതി വേർപിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.
വേറിട്ട അഭിപ്രായ പ്രകടനങ്ങളിലൂടെ പലപ്പോഴും ജനശ്രദ്ധയാകർഷിച്ചയാളാണ് മസ്ക്. യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ തലവൻ വ്ളാഡ്മിർ പുടിനെ ഇദ്ദേഹം നേരിട്ടുള്ള പോരിന് വരാൻ വെല്ലുവിളിച്ചിരുന്നു. ഇദ്ദേഹം 4,400 കോടി യു.എസ് ഡോളർ മുടക്കി ട്വിറ്റർ ഏറ്റെടുക്കുന്നതും വലിയ വാർത്തയായിരുന്നു. എന്നാൽ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന് മസ്കിന്റെ ഭീഷണിയുയർത്തിയിരിക്കുകയാണ്. 229 മില്യൺ അക്കൗണ്ടുകളിൽ എത്ര അക്കൗണ്ടുകൾ വ്യാജമാണെന്ന കണക്ക് നൽകാത്തതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്റർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി മസ്ക് രംഗത്തെത്തിയിരുന്നത്.
'ട്വിറ്റർ ഇതുവരെ കമ്പനിയുടെ ടെസ്റ്റിങ് രീതികൾ മാത്രമാണ് മസ്കിന് നൽകിയിട്ടുള്ളത്. മറ്റുള്ള വിവരങ്ങളൊന്നും നൽകാൻ തയ്യാറായിട്ടില്ല'. ട്വിറ്ററിന് എഴുതിയ കത്തിൽ മസ്കിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നു. ഏപ്രിൽ ലയന കരാറിന് കീഴിലുള്ള വിവരാവകാശത്തെ കമ്പനി എതിർക്കുകയും തടയുകയും ചെയ്യുകയാണെന്ന് മസ്കിന്റെ അഭിഭാഷകർ കത്തിൽ പറഞ്ഞു.
'The population of Mars is still zero!: Elone musk