തായ്ലൻഡ് ഡേ കെയർ കൂട്ടക്കൊല; കൃത്യത്തിന് ശേഷം കുടുംബത്തെ വകവരുത്തി സ്വയം വെടിയുതിർത്ത് മരിച്ച് പ്രതി
|മയക്കുമരുന്ന് ഉപയോഗിച്ചതിന് സർവീസിൽ നിന്ന് കഴിഞ്ഞവർഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി.
ബാങ്കോക്ക്: തായ്ലൻഡിലെ ഡേ കെയർ സെന്ററിൽ കൂട്ടക്കൊല നടത്തിയ പ്രതി കൃത്യത്തിന് ശേഷം കുടുംബത്തേയും വെടിവച്ച് കൊന്നു. തുടർന്ന് സ്വയം വെടിയുതിർത്ത് മരിച്ചു. കൂട്ടക്കൊല നടത്തിയ ശേഷം വീട്ടിലെത്തിയാണ് ഇയാൾ കുടുംബത്തെ വെടിവച്ച് കൊന്നത്. ലാംഫു പ്രവിശ്യയിലെ നോങ് ബുവയിലെ ഉതായ് സവാൻ ഡേ കെയറിൽ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
കുട്ടികളും മുതിർന്നവരുമടക്കം 34 പേരാണ് വെടിവയ്പിൽ ദാരുണമായി കൊല്ലപ്പെട്ടത്. മുൻ പൊലീസുകാരനായ പന്യ കാംരാബ് ആണ് കൊലയാളി. മയക്കുമരുന്ന് ഉപയോഗിച്ചതിന് സർവീസിൽ നിന്ന് കഴിഞ്ഞവർഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി. മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുന്ന 34കാരനായ ഇയാൾ വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ് കോടതിയിൽ ഹാജരായിരുന്നെന്ന് പൊലീസ് വക്താവ് പൈസാൽ ലൂസോംബൂൺ പറഞ്ഞു.
ഉച്ചയ്ക്ക് ഇയാൾ തോക്ക്, പിസ്റ്റൾ, കത്തി എന്നിവയുമായി നഴ്സറിയിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പിന് ഇരയായവരിൽ രണ്ട് വയസായ കുട്ടിയും എട്ട് മാസം ഗർഭിണിയായ അധ്യാപികയും ഉൾപ്പെടുന്നതായി പ്രാദേശിക പാെലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് അക്രമി എത്തുമ്പോൾ 30 ഓളം കുട്ടികൾ കേന്ദ്രത്തിലുണ്ടായിരുന്നതായി ജില്ലാ ഉദ്യോഗസ്ഥൻ ജിദാപ ബൂൺസം വ്യക്തമാക്കി.
മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് കൂടുതലാണ്. 2020ൽ സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊല്ലുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.