World
Dr Tedros Adhanom Ghebreyesus WHO Director-General
World

‘ഗസ്സയിലേത് നരകതുല്യമായ അവസ്ഥ’; ​വികാരഭരിതനായി ലോകാരോഗ്യ സംഘടന മേധാവി

Web Desk
|
26 Jan 2024 8:26 AM GMT

‘സമാധാനം തെരഞ്ഞെടുത്ത് ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാം’

ജനീവ: ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്. പ്രശ്നത്തിന് യഥാർഥ പരിഹാരം കാണാനും അദ്ദേഹം ​അഭ്യർഥിച്ചു.

‘കൂടുതൽ യുദ്ധം, വിദ്വേഷം, വേദന, നാശം എന്നിവയല്ലാതെ യുദ്ധം ഒരു പരിഹാരവും നൽകുന്നില്ല എന്നതാണ് സ്വന്തം അനുഭവം. അതിനാൽ നമുക്ക് സമാധാനം തെരഞ്ഞെടുത്ത് ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാം’ -ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിനോട് ഗസ്സയിലെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചക്കിടെ ടെഡ്രോസ് പറഞ്ഞു.

‘നിങ്ങൾ എല്ലാവരും ദ്വിരാഷ്ട്ര പരിഹാരവും മറ്റും പറഞ്ഞതായി ഞാൻ കരുതുന്നു. ഈ യുദ്ധം അവസാനിച്ച് യഥാർത്ഥ പരിഹാരത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു’ -അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ഗസ്സയിൽ കൂടുതൽ ആളുകൾ പട്ടിണിയും രോഗവും മൂലം മരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

അതേസമയം, ട്രെഡോസിന്റെ വാക്കുകൾക്കെതിരെ യു.എൻ ജെനീവയിലെ ഇസ്രായേൽ അംബാസഡർ മീരവ് ഐലോൺ ഷഹർ രംഗത്തുവന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സമ്പൂർണ നേതൃപരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അവർ പറഞ്ഞു. ഒക്‌ടോബർ ഏഴ് മുതൽ ലോകാരോഗ്യ സംഘടനക്ക് സംഭവിച്ച എല്ലാ തെറ്റുകളുടെയും ആൾരൂപമാണ് ഡയറക്ടർ ജനറലിന്റെ പ്രസ്താവന.

ബന്ദികളെക്കുറിച്ചോ ബലാത്സംഗങ്ങളെക്കുറിച്ചോ ഇസ്രായേലികളുടെ കൊലപാതകത്തെക്കുറിച്ചോ ആശുപത്രികളുടെ സൈനികവൽക്കരണത്തെക്കുറിച്ചോ ഹമാസിന്റെ നിന്ദ്യമായ മനുഷ്യകവചത്തെക്കുറിച്ചോ പരാമർശമില്ല. ഗസ്സയിലെ ആശുപത്രികളിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾക്ക് നേരെ ലോകാരോഗ്യ സംഘടന കണ്ണടച്ചിരിക്കുകയാണ്. ഡബ്ല്യു.എച്ച്.ഒ ഹമാസുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അവർ ആരോപിച്ചു.

ഇസ്രായേൽ ആക്രമണം 111 ദിവസം പിന്നിടുമ്പോൾ ഇതുവരെ 25,900 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 64,110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Tags :
Similar Posts