സാഹചര്യം അനുകൂലമല്ല; ഗസ്സയിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
|സാഹചര്യം അനുകൂലമായാൽ ഉടനെ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു
ഡൽഹി: ഗസ്സയിൽ അകപ്പെട്ട നാല് ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിന് അനുകൂലമായ സാഹചര്യമല്ല നിലവിലെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ ഇവരെ നാട്ടിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതായോ പരിക്കേറ്റതായോ റിപ്പോർട്ടുകളില്ലെന്നും ഇസ്രായേലിനെതിരായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
തെക്കൻ ഇസ്രായേലിലെ അഷ്‌കെലോണിൽ ഒരു ഇന്ത്യക്കാരന് യുദ്ധത്തിൽ പരിക്കേറ്റിരുന്നു. ഓപ്പറേഷൻ അജയ് എന്ന പേരിൽ അഞ്ച് വിമാനങ്ങളിലായി 18 നേപ്പാളി പൗരന്മാരുൾപ്പെടെ 1200 പേരെ ഇന്ത്യ ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിച്ചിരുന്നു.
ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യ അപലപിച്ചു. തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും നേരിടാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യുദ്ധം നടക്കുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രായേൽ സന്ദർശിച്ചു. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഋഷി സുനക് ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും പറഞ്ഞു.
ഇന്നലെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്നായിരുന്നു ബൈഡന്‍റെ പ്രതികരണം. 'ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു'വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഹമാസിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹമാസ് സഹസ്ഥാപകൻ അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യയാണ് ജമീലാ അൽ ശൻത്വി. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു ഇതിൽ ഏഴു പേർ കുട്ടികളാണ്.