കണ്ണില്ലാത്ത ക്രൂരത; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തന്‍റെ സ്ഥലത്ത് കൂടി കൊണ്ടുപോകാതിരിക്കാന്‍ മകന്‍ ഗേറ്റ് താഴിട്ടുപൂട്ടി
|നാട്ടുകാരും പൊലീസും ഇടപെട്ട് ഗെയ്റ്റിന്‍റെ പൂട്ട് തകർത്താണ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്
ആലപ്പുഴ ചേർത്തലയിൽ കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് മകൻ തടഞ്ഞു. സ്വത്ത് തർക്കത്തിന്‍റെ പേരിലാണ് മകൻ അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്. നാട്ടുകാരും പൊലീസും ഇടപെട്ട് ഗെയ്റ്റിന്‍റെ പൂട്ട് തകർത്താണ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്.
റിട്ട. അധ്യാപികയും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ 84 കാരി ശിവാനി കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഒരു കോമ്പൗണ്ടിലുള്ള രണ്ട് വീടുകളിലാണ് ഇവരുടെ മകനും മകളും താമസിക്കുന്നത്. കുടുംബവഴക്കിനെത്തുടർന്ന് ഏറെനാളായി അമ്മ മകളോടൊപ്പമായിരുന്നു താമസം. രണ്ട് വീടുകളിലേക്കും ഒരു വഴി മാത്രമാണുള്ളത്. സ്വത്ത് തർക്കമുള്ളതിനാൽ ഈ വഴിയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് മകൻ തടഞ്ഞു. ഗെയ്റ്റ് താഴിട്ട് പൂട്ടി. തർക്കത്തിനൊടുവിൽ പൊലീസും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ചാണ് മൃതദേഹം അകത്തുകയറ്റിയത്. സംഭവത്തിൽ ഇതുവരെ ചേർത്തല പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം അമ്മയുടെ സംസ്കാരം തടഞ്ഞ മകനും കുടുംബത്തിനും എതിരെ നവമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.