ഹമാസ്, ഹിസ്ബുല്ല, ഇറാൻ....പ്രതിരോധത്തിന്റെ അച്ചുതണ്ടായവർ
|അഭയാർഥി ക്യാമ്പുകളിൽ ജനിച്ചവരാണ് ഹമാസ് നേതാക്കളിൽ ഭൂരിഭാഗവും.. ഏത് സമയവും കൊല്ലപ്പെടാൻ സാധ്യതയുള്ളവർ. വർഷങ്ങളോളം ജയിൽ ജീവിതം നയിച്ച് ഒടുവിൽ മോചിപ്പിക്കപ്പെട്ടപ്പോൾ പഴയതിലും വേഗത്തിൽ പോരാട്ട വഴികളിലേക്ക് തിരിഞ്ഞുനടന്നവരാണ് യഹ്‌യാ സിൻവാർ അടക്കമുള്ളവർ.
''ഒരൊറ്റ അഭയാർഥിയും തിരിച്ചുവരില്ല, വയസ്സൻമാർ മരിക്കും, ചെറുപ്പക്കാർ മറന്നേക്കും'' ഫലസ്തീനികളുടെ മണ്ണും ആകാശവും കവർന്നെടുത്ത് ജനിച്ച നാട്ടിൽനിന്ന് അവരെ ആട്ടിയിറക്കി 110 രാജ്യങ്ങളിൽനിന്നുള്ള ജൂതൻമാരെ അവരുടെ പാർപ്പിടങ്ങളിൽ പ്രതിഷ്ഠിച്ച 'വംശശുദ്ധീകരണ' പരിപാടിയുടെ വലിയൊരു ഭാഗം പൂർത്തീകരിച്ച ശേഷം സയണിസത്തിന്റെ സ്ഥാപകൻ ബെൻഗൂറിയൻ നടത്തിയ പ്രസ്താവനയാണിത്. 1948ൽ ഫലസ്തീന്റെ മണ്ണിൽ ഇസ്രായേലിനെ പ്രതിഷ്ഠിക്കുന്നതിന് തൊട്ടുമുമ്പും അതിന് ശേഷവുമായി 700,000 ഫലസ്തീനികളാണ് കുടിയിറക്കപ്പെട്ടത്. 'നക്ബ' എന്ന പേരിൽ ഓരോ ഫലസ്തീനിയും ഇന്നും ഈ ദുരന്തദിനം ഓർമിക്കുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തോടെയാണ് ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നം തുടങ്ങിയത് എന്ന് കരുതുന്ന 'നിഷ്‌കളങ്ക'രാണ് ഇന്ന് നമുക്ക് ചുറ്റുമുള്ള പലരും. അല്ലെങ്കിൽ അങ്ങനെ വരുത്താനുള്ള ആസുത്രിത നീക്കങ്ങളാണ് നടക്കുന്നത്. 'ഹമാസ് എന്തിനാണ് അങ്ങോട്ട് പോയി ആക്രമിച്ചത്?' സയണിസ്റ്റുകളും അവരെ പിന്തുണക്കുന്നവരും ഉയർത്തുന്ന ചോദ്യം. ഫലസ്തീൻ പ്രതിരോധത്തിന്റെ സർവ സംവിധാനങ്ങളെയും ഇത്തവണ തങ്ങൾ ഇല്ലാതാക്കുമെന്ന ഇസ്രായേൽ അവകാശവാദങ്ങളിൽ ആവേശഭരിതരാവുന്നവരും കുറവല്ല.
ഹമാസ്
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് ഒരു വർഷം തികയുമ്പോൾ പ്രതിരോധത്തിന്റെ മുഖമായി ഉയർന്നുനിൽക്കുന്നത് ഹമാസ് തന്നെയാണ്. 1987ൽ ശൈഖ് അഹമ്മദ് യാസീൻ സ്ഥാപിച്ച ഈ രാഷ്ട്രീയ-സൈനിക സംഘടന പടിഞ്ഞാറൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന എല്ലാ വേട്ടയാടലുകളെയും അതിജീവിച്ച് തലയുയർത്തി നിൽക്കുന്നു. ഇസ്രായേൽ അധിനിവേശത്തിനെതിരായ ആദ്യ ഇൻതിഫാദ ആരംഭിച്ചതിന് ശേഷമാണ് ശൈഖ് അഹമ്മദ് യാസീൻ ഹമാസിന് രൂപം കൊടുക്കുന്നത്. 1990കളിൽ പിഎൽഒയും ഫതഹ് പാർട്ടിയും പോരാട്ടവഴിയിൽനിന്ന് മാറിനടന്നപ്പോഴും ഹമാസ് ഫലസ്തീന്റെ മണ്ണ് തിരിച്ചുപിടിക്കുമെന്ന ഉറച്ച തീരുമാനത്തിൽ തന്നെ തുടർന്നു.
ഫലസ്തീനിലെ ഏറ്റവും ജനകീയ പ്രസ്ഥാനം ഇപ്പോഴും ഹമാസ് തന്നെയാണ്. 2006ലെ തെരഞ്ഞെടുപ്പിൽ ഹമാസ് നേടിയ വിജയം ഇതിന് തെളിവാണ്. ആകെയുള്ള 132 സീറ്റിൽ 74 സീറ്റിലും ഹമാസാണ് വിജയിച്ചത്. ഇസ്മാഈൽ ഹനിയ്യ പ്രധാനമന്ത്രിയായതോടെ ഇസ്രായേലും പടിഞ്ഞാറൻ സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് ഹമാസ് തങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള ഗസ്സയിലേക്ക് ചുരുങ്ങിയത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സംഘടനയെ തീവ്രവാദികളാക്കി മുദ്രകുത്തി അപരവത്കരിക്കുകയാണ് പടിഞ്ഞാറൻ ശക്തികൾ ചെയ്തത്. യുഎസ്, ഇസ്രായേൽ, ഇയു, യുകെ, ജപ്പാൻ, ആസ്‌ത്രേലിയ എന്നിവരാണ് ഹമാസിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹമാസിനെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎന്നിൽ പ്രമേയം കൊണ്ടുവന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
ഒക്ടോബർ ഏഴിലെ ഓപ്പറേഷൻ തൂഫാനുൽ അഖ്‌സക്ക് ശേഷം ഹമാസിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് ഇസ്രായേൽ ഗസ്സയിലും ഫലസ്തീന്റെ വിവിധ ഭാഗങ്ങളിലും ക്രൂരമായ വംശഹത്യ നടത്തുന്നത്. രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതോടെ തങ്ങളുടെ ലക്ഷ്യത്തിന്റെ ഒരു ഘട്ടം പൂർത്തിയായെന്ന് ഇസ്രായേൽ കരുതുന്നു. എന്നാൽ നേതാക്കളെ നഷ്ടമാവുക എന്നത് ഹമാസിന് പുതുമയുള്ള കാര്യമല്ല. 2004 മാർച്ച് 22ന് ഹമാസ് സ്ഥാപകൻ അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് സ്ഥാനമേറ്റെടുത്ത അബുൽ അസീസ് റൻതീസിയേയും ഏപ്രിൽ 17ന് ഇസ്രായേൽ ബോംബാക്രമണത്തിൽ വധിച്ചു. ഇതിനിടെ നിരവധി ഹമാസ് നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരി രണ്ടിനാണ് ഹമാസിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന സാലിഹ് അൽ ആറൂരി കൊല്ലപ്പെട്ടത്. ജൂലൈ 31ന് ഇസ്മാഈൽ ഹനിയ്യയേയും ഇസ്രായേൽ വധിച്ചു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മറുപടിയെന്ന ന്യായീകരണത്തിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഒരു വർഷം തികയുമ്പോഴും പ്രതിരോധത്തിന്റെ വഴിയിൽ ഒട്ടും പതറാതെ നിൽക്കാൻ ഹമാസിന് കഴിയുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഹമാസിനെ തകർക്കുക എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ് എന്നാണ് ഡാനിയൽ ഹഗാരിയെന്ന ഇസ്രായേൽ പ്രതിരോധസേനയുടെ വക്താവ് തുറന്നുപറഞ്ഞത്. ഹമാസ് ഒരു ആശയമാണ്. അത് ജനഹൃദങ്ങളിൽ ആഴത്തിൽ വേരുള്ളതാണ്. ഹമാസിനെ ഇല്ലാതാക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്ന് ഹഗാരി പറയുന്നു. ഒരു വർഷമായി തുടരുന്ന ആക്രമണത്തിന് ശേഷവും ഇസ്രായേൽ പ്രതിരോധസേന എത്തിനിൽക്കുന്നത് ഈ വിലയിരുത്തലിലാണ് എന്നത് ഹമാസിന്റെ വേരുകൾ എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാക്കുന്നു.
ഹിസ്ബുല്ല
ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിയാ സംഘടനയായ ഹിസ്ബുല്ല രാഷ്ട്രീ-സൈനിക സംഘടനയാണ്. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുല്ല പ്രവർത്തിക്കുന്നത് എന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. 1985ൽ തെക്കൻ ലബനാനെ ഇസ്രായേൽ അധിനിവേശത്തിൽനിന്ന് മോചിപ്പിക്കാനാണ് ഹിസ്ബുല്ല രൂപീകരിച്ചത്. 2000ൽ ഇസ്രായേലിന് തെക്കൻ ലബനാൻ വിട്ടുകൊടുക്കേണ്ടിവന്നു എന്നത് ഹിസ്ബുല്ലയുടെ പോരാട്ടവീര്യം വ്യക്തമാക്കുന്നതാണ്. ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ഹിസ്ബുല്ല വലിയ പിന്തുണ നൽകുന്നുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഹമാസിനൊപ്പം ഇസ്രായേലിനെ പ്രതിരോധിക്കാൻ ഹിസ്ബുല്ലയും രംഗത്തുണ്ടായിരുന്നു. ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല നടത്തുന്ന മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾ ഇസ്രായേൽ സൈന്യത്തിന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
ഹിസ്ബുല്ലക്കെതിരെ ഇസ്രായേൽ ആക്രമണങ്ങൾ കടുപ്പിക്കുന്നു എന്നതാണ് ഏറ്റവും അവസാനം പശ്ചിമേഷ്യയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ. സെപ്റ്റംബർ ഏഴിന് ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ വധിച്ചതിന് പിന്നാലെ ലബനാനിൽ കരയുദ്ധം തുടങ്ങിയ ഇസ്രായേലും ഹിസ്ബുല്ല പോരാളികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. അതിനിടെ പേജർ, വാക്കി ടോക്കി സ്‌ഫോടനങ്ങളിൽ നിരവധി ഹിസ്ബുല്ല നേതാക്കൾ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും ഇസ്രായേൽ ആണെന്നാണ് ആരോപണം. ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലും പരിസരങ്ങളിലും ഇസ്രായേൽ സൈന്യത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഹിസ്ബുല്ല നടത്തുന്നത്. ഹമാസിനെക്കാൾ ശക്തമായ സൈനിക സംവിധാനമാണ് ഹിസ്ബുല്ലക്കുള്ളത്. അതുകൊണ്ട് തന്നെ ഇസ്രായേലിന് കാര്യങ്ങൾ എളുപ്പമാവില്ല. ഇസ്രായേൽ ഹിസ്ബുല്ലക്കെതിരെ ആക്രമണം കൂടുതൽ ശക്തമാക്കുകയാണെങ്കിൽ പശ്ചിമേഷ്യയിൽ യുദ്ധം നീണ്ടുപോകാനാണ് സാധ്യത.
ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങൾ
ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയത് മുതൽ ഹമാസിന് പിന്തുണയുമായി എത്തിയവരാണ് ഹൂത്തികൾ. യെമനിലെ ഗോത്ര വിഭാഗമാണ് ഹൂത്തികൾ. 2015 മുതൽ വലിയ ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് യെമൻ. ഇതിന് പിന്നാലെ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ട യെമനിൽ ഉത്തര മേഖലയിലാണ് ഇവർക്ക് കൂടുതൽ സ്വാധീനമുള്ളത്.
ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങൾ ഇസ്രായേലിനും സഖ്യകക്ഷികൾക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇസ്രായേലിലേക്ക് പോകുന്നതോ അവിടെനിന്ന് വരുന്നതോ ആയ എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ഹൂത്തികൾ നൽകിയിരുന്നത്. യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകളും ഹൂത്തികൾ ലക്ഷ്യമിട്ടതോടെ പ്രതിരോധത്തിനായി സംയുക്ത സൈനിക സഖ്യം തന്നെ രൂപീകരിക്കേണ്ടിവന്നതും ലോകം കണ്ടു.
ഹൂത്തി ആക്രമണങ്ങളെ തുടർന്ന് സൂയസ് കനാലിൽനിന്നുള്ള വരുമാനം 40-50 ശതമാനം കുറഞ്ഞതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസി തന്നെ തുറന്നു പറഞ്ഞിരുന്നു. സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞതായി ഐക്യരാഷ്ട്രസഭയും ചൂണ്ടിക്കാട്ടിയിരുന്നു. 67 ശതമാനത്തോളം ഇടിവാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്.
ഇറാൻ കളത്തിലിറങ്ങുമ്പോൾ
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇസ്രായേലും യുഎസും എന്നും പ്രതിസ്ഥാനത്ത് നിർത്തുന്നവരാണ് ഇറാൻ. ഹമാസിനും ഹിസ്ബുല്ലക്കും സായുധ പിന്തുണ നൽകുന്നത് ഇറാൻ ആണെന്നാണ് യുഎസും ഇസ്രായേലും ആരോപിക്കാറുള്ളത്. എന്നാൽ ഒരു കാലത്ത് ഇസ്രായേലിനെ സുഹൃത് രാജ്യമായിരുന്നു ഇറാൻ എന്നതാണ് കൗതുകകരമായ വസ്തുത. 1948ൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ടപ്പോൾ അതിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാൻ. പഹ്‌ലവി ഭരണകൂടം ഇസ്രായേലുമായി സഖ്യരാഷ്ട്രം എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്.
1951ൽ മുഹമ്മദ് മുസദ്ദിഖ് ഇറാൻ പ്രധാനമന്ത്രി ആയതോടെയാണ് കാര്യങ്ങൾ മാറിയത്. രാജ്യത്തെ എണ്ണ വ്യവസായം ദേശസാത്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബ്രിട്ടൻ കുത്തകയാക്കിയിരുന്ന എണ്ണ വ്യവസായം ദേശസാത്കരിക്കുന്നത് പടിഞ്ഞാറിന് വലിയ തിരിച്ചടിയായിരുന്നു. മേഖലയിൽ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിച്ചിരുന്ന ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാനും മുസദ്ദിഖ് തീരുമാനിച്ചു. 1953ൽ യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അട്ടിമറിയിൽ മുസദ്ദിഖ് സർക്കാറിന് ഭരണം നഷ്ടമായതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഇസ്രായേൽ തെഹ്‌റാനിൽ എംബസി സ്ഥാപിച്ചു. ഇരു രാജ്യങ്ങളും പരസ്പരം അംബാസിഡർമാരെ നിയമിച്ചു. വ്യാപര ബന്ധങ്ങളും വളർന്നു. ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ദാതാവായി ഒരുഘട്ടത്തിൽ ഇറാൻ മാറി.
1979ലെ വിപ്ലവത്തോടെ ഇറാന്റെ നിലപാട് മാറി. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തലാക്കി. തെഹ്‌റാനിലെ ഇസ്രായേൽ എംബസി ഫലസ്തീൻ എംബസിയായി മാറി. എല്ലാ വർഷവും റമദാനിലെ അവസാന വെള്ളി 'ഖുദ്‌സ് ഡെ' ആയി ആചരിക്കാൻ ആയത്തുല്ല റൂഹുല്ല ഖാംനഈ ആഹ്വാനം ചെയ്തു. ഈ ദിവസം ഇറാനിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടക്കാറുണ്ട്.
അറബ് രാഷ്ട്രങ്ങൾ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്തിയപ്പോഴും യാതൊരു വിട്ടുവീഴ്ചക്കും ഇറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഇസ്രായേലിൽ ഇറാൻ നേരിട്ട് മിസൈൽ ആക്രമണം നടത്തിയതോടെ കാര്യങ്ങൾ കൂടുതൽ മാറിയിരിക്കുന്നു. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ തെഹ്‌റാനിൽ വധിച്ചതിനും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ വധത്തിനും മറുപടിയായാണ് മിസൈൽ ആക്രമണം നടത്തിയത് എന്നാണ് ഇറാൻ പറയുന്നത്. കൂടുതൽ ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇറാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇസ്രായേൽ നൽകുന്ന മുന്നറിയിപ്പ്. ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി നേരിട്ട് ഏറ്റുമുട്ടുന്ന രീതിയിൽ കാര്യങ്ങൾ പോയാൽ പശ്ചിമേഷ്യയിൽ കാര്യങ്ങൾ ലളിതമാവില്ല.
അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നടത്തിയ ഇടപെടൽ ഇസ്രായേലിന് വലിയ തിരിച്ചടിയായിരുന്നു. ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇസ്രായേലും ദക്ഷിണാഫ്രിക്കയും പങ്കാളികളായ 1948ലെ യുഎൻ വംശഹത്യാ കൺവെൻഷന് വിരുദ്ധമായാണ് ഇസ്രായേൽ ഇപ്പോൾ വംശഹത്യ നടത്തുന്നത് എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ വാദം. കുട്ടികളുടെ കൊലപാതകം, കൂട്ടത്തോടെ കുടിയൊഴിപ്പിക്കൽ, വീടുകൾ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം വംശഹത്യയുടെ ഭാഗമാണെന്നും ദക്ഷിണാഫ്രിക്ക് ചൂണ്ടിക്കാട്ടി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായ കോടതി വിധി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിൻമാറണമെന്നും കോടതി വിധിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ഇസ്രായേൽ തയ്യാറായില്ല.
പ്രതിരോധത്തിന്റെ തളരാത്ത പാഠങ്ങൾ
ഫലസ്തീനികൾക്ക് പ്രതിരോധം ഒരു ആശയമാണ്. അത് ഏതെങ്കിലും നേതാക്കൾ ഇല്ലാതാവുന്നതുകൊണ്ട് നശിച്ചുപോകുന്നതല്ല. തങ്ങളുടെ മണ്ണും ആകാശവും കവർന്നെടുക്കവർക്ക് എതിരായ തളരാത്ത പോരാട്ടം. അഭയാർഥി ക്യാമ്പുകളിൽ ജനിച്ചവരാണ് ഹമാസ് നേതാക്കളിൽ ഭൂരിഭാഗവും.. ഏത് സമയവും കൊല്ലപ്പെടാൻ സാധ്യതയുള്ളവർ. വർഷങ്ങളോളം ജയിൽ ജീവിതം നയിച്ച് ഒടുവിൽ മോചിപ്പിക്കപ്പെട്ടപ്പോൾ പഴയതിലും വേഗത്തിൽ പോരാട്ട വഴികളിലേക്ക് തിരിഞ്ഞുനടന്നവരാണ് നിലവിലെ ഹമാസ് തലവൻ യഹ്‌യാ സിൻവാർ അടക്കമുള്ളവർ. ഒരു ജനതയുടെ സർവസ്വവും കവർന്നെടുത്ത ശേഷം അവരെ വംശഹത്യ നടത്തി ഇല്ലാതാക്കാമെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നും കരുതുന്നത് വ്യാമോഹം മാത്രമാണെന്ന് ഫലസ്തീൻ തെളിയിക്കുന്നു.