ഗസ്സയിലെ ആക്രമണം ആറാം മാസത്തിലേക്ക്; ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് യു.എൻ
|ഇസ്രായേലിനുള്ള ആയുധവിൽപന ലോകരാജ്യങ്ങൾ നിർത്തി വെക്കണമെന്ന പ്രമേയം യു.എൻ ഹ്യൂമൻറൈറ്റ്സ് കൗൺസിൽ പാസാക്കി
ദുബൈ: ലോകരാജ്യങ്ങളുടെ കടുത്ത സമ്മർദത്തിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് യു.എൻ. ഗസ്സയിലെ ആക്രമണം ആറാം മാസത്തിലേക്ക് കടക്കെ, ക്രൂരത അവസാനിപ്പിക്കാൻ ഇസ്രായേലിനോട് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്.
സിവിലിയൻ സമൂഹത്തിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനുള്ള ആയുധവിൽപന ലോകരാജ്യങ്ങൾ നിർത്തി വെക്കണമെന്ന പ്രമേയം യു.എൻ ഹ്യൂമൻറൈറ്റ്സ് കൗൺസിൽ പാസാക്കി. 47 അംഗ ഹ്യൂമൻറൈറ്റ്സ് കൗൺസിലിൽ ആറിനെതിരെ 28 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്ക, ജർമനി ഉൾപ്പെടെ 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഇസ്രായേൽ കൗൺസിലിനെ അറിയിച്ചു. പ്രമേയം നടപ്പാക്കാൻ ബാധ്യതയില്ലെങ്കിലും ഇസ്രായേലിന് നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണിത്. യു.എൻ രക്ഷാസമിതിയും ഇസ്രായേൽ നടപടികളെ രൂക്ഷമായി വിമർശിച്ചു. 33,000 മനുഷ്യരെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനിക നടപടി അന്തർദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യയും ചൈനയും രക്ഷാസമിതിയിൽ കുറ്റപ്പെടുത്തി.
ഗസ്സയെ പട്ടിണിക്കിടുന്ന ഇസ്രായേൽ ക്രൂരത ഇനിയും തുരടാനാകില്ലെന്ന് രക്ഷാസമിതി യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂപപ്പെട്ട ലോകപ്രതിഷേധം മയപ്പെടുത്താൻ ഗസ്സയിലേക്ക് കൂടുതൽ സഹായം കൈമാറാൻ ഇസ്രായേൽ നടപടി ആരംഭിച്ചു. നിത്യം 500 ട്രക്കുകൾ നിറയെ സഹായം ഗസ്സക്ക് കൈമാറാമെന്ന് ഇസ്രായേൽ അറിയിച്ചതായി ബ്രിട്ടൻ വ്യക്തമാക്കി.
റമദാനിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള അവസാന ശ്രമങ്ങളും പാളിയതായി റിപ്പോർട്ട്. കൈറോയിൽ നടന്ന ചർച്ചകളിൽ ഇസ്രായേൽ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് തിരിച്ചടിയാതെന്ന് ഹമാസ് കുറ്റപ്പെടുത്തി. സിറിയൻ തലസ്ഥാനമായ ദമസ്കസിൽ കോൺസുലേറ്റ് ആക്രമിച്ച ഇസ്രായേലിനെതിരെ ഏതു സമയവും ഇറാെൻറ പ്രത്യാക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ ഇൻറലിജൻസ് ഏജൻസി അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇസ്രായേൽ നയതന്ത്ര കേന്ദ്രത്തിനു നേരെ ആക്രമണത്തിനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ഇറാൻ അക്രമിച്ചാൽ ഇസ്രായേലിന് യു.എസ് പിന്തുണ ഉണ്ടാകുമെന്ന് നെതന്യാഹുവിന് ബൈഡെൻറ ഉറപ്പ് ലഭിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു