ഭക്ഷ്യസഹായം എത്തിക്കാൻ ഗസ്സ തീരത്ത് താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
|സൈപ്രസിൽ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും
ദുബൈ: പട്ടിണി വ്യാപകമാവുകയും ഇസ്രായേൽ സഹായം വിലക്കുകയും ചെയ്ത ഗസ്സയിൽ തീരത്തോട് ചേർന്ന് താൽക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക. സൈപ്രസിൽ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുക യു.എസ് സൈന്യമായിരിക്കും. എന്നാൽ ഗസ്സയുടെ മണ്ണിൽ കാലു കുത്താതെ കപ്പൽ കേന്ദ്രീകരിച്ചാകും യു.എസ് സൈനിക സാന്നിധ്യമെന്നും അമേരിക്ക അറിയിച്ചു.
തുറമുഖം യാഥാർഥ്യമാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെങ്കിലും വടക്കൻ ഗസ്സയിലേക്കും മറ്റും കൂടുതൽ സഹായം എത്തിക്കാൻ മികച്ച മാർഗങ്ങളിലൊന്ന് ഇതാണെന്നും യു.എസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
എന്നാൽ എയർഡ്രോപ്പ് വഴിയും തുറമുഖം നിർമിച്ചും ഭക്ഷ്യസഹായം എത്തിക്കുന്നത് പ്രായോഗിക പ്രയാസം സൃഷ്ടിക്കുമെന്ന് യു.എൻ വ്യക്തമാക്കി. അതിർത്തിയിലൂടെ കൂടുതൽ ട്രക്കുകൾ കടത്തി വിടാൻ കഴിഞ്ഞില്ലെങ്കിൽ ആയിരങ്ങൾ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
ജർമനി, സ്പെയിൻ, ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഗസ്സയിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗസ്സയിലെ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ച ഈ മാസം 10ന് പുനരാരംഭിക്കും. റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാക്കാൻ ലക്ഷ്യമിട്ട് ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ മുൻകൈയെടുത്ത് ഈജിപ്തിലെ കൈറോയിൽ കഴിഞ്ഞയാഴ്ച മുതൽ നടത്തിവന്ന ചർച്ച പരാജയപ്പെടുകയായിരുന്നു.
വെടിനിർത്തൽ കരാറിലൂടെ ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുന്ന നെതന്യാഹു സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് തെൽഅവീവിലെ പ്രധാന പാത ബന്ദികളുടെ ബന്ധുക്കൾ ഉപരോധിച്ചു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 30,800 ആയി. ഇതിൽ 12,300 പേർ കുട്ടികളാണ്. 8000ത്തിലേറെ പേരെ കാണാതായിട്ടുമുണ്ട്. 72,298 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ 113 കുട്ടികൾ ഉൾപ്പെടെ 424 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലേക്ക് കൂടി സംഘർഷം വ്യാപിപ്പിക്കാൻ ഇസ്രായേൽ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെ അറബ് മുസ്ലിം രാജ്യങ്ങൾ രംഗത്തുവന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 3476 കുടിയേറ്റ ഭവനംകൂടി നിർമിക്കുമെന്ന ഇസ്രായേലിനെ പ്രഖ്യാപനം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. 20,000ത്തോളം കുടിയേറ്റ ഭവനങ്ങൾക്ക് കഴിഞ്ഞ വർഷം ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഫലസ്തീൻ ഭൂമി കൈക്കലാക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി സ്ഥിരീകരിക്കുന്നതാണ് കുടിയേറ്റ വ്യാപനമെന്ന് ഹമാസ് പ്രതികരിച്ചു. ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽ നിന്ന് 20 ജീവനക്കാരെ ഇന്ത്യൻ നാവികസേന ഒഴിപ്പിച്ചു. മൂന്ന് കപ്പൽ ജീവനക്കാർ കഴിഞ്ഞ ദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗ്രീസിന്റെ ഉടമസ്ഥയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന ചരക്ക് കപ്പലിനുനേരെയാണ് മിസൈൽ ആക്രമണം