'ലോകം ആഗ്രഹിക്കുന്നത് സമാധാനം', വ്‌ളാദിമിർ പുടിന് ബൈഡന്റെ സന്ദേശം
|യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി നേരിട്ട ഏറ്റുമുട്ടലിനില്ലെന്നും യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു
റഷ്യ-യുക്രൈൻ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ലോകം ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് അദ്ദേഹം യു.എസ് കോൺഗ്രസിൽ വ്യക്തമാക്കി. തന്റെ പ്രസംഗത്തിനിടെ റഷ്യൻ പ്രസിഡന്റിനെ ബൈഡൻ സ്വേഛാധിപതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'ഒരു റഷ്യൻ സ്വേച്ഛാധിപതി, ഒരു വിദേശ രാജ്യത്തെ ആക്രമിക്കുന്നതിലൂടെ ലോകമെമ്പാടും വലിയ പ്രതിസന്ധി നേരിടുകയാണ്, ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിലുള്ള പോരാട്ടത്തിൽ ജനാധിപത്യം വിജയിക്കുക തന്നെ ചെയ്യും, ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്' ബൈഡൻ സഭയിൽ പറഞ്ഞു. യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെ അപലപിച്ച് നിരവധി ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ടെന്നും റഷ്യ ഇതോടെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം റഷ്യയുടെ സാമ്പത്തിക സ്ഥിതിയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അതേസമയം ബൈഡൻ റഷ്യൻ നേതാക്കൾക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. പുടിന്റെ ഭരണത്തിൽ നിന്ന് ബില്യൺ കണക്കിന് ഡോളർ റഷ്യൻ നേതാക്കൾ തട്ടിയെടുത്തെന്നായിരുന്നു യു.എസ് കോൺഗ്രസിൽ അദ്ദേഹം ആരോപിച്ചത്. യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി നേരിട്ട ഏറ്റുമുട്ടലിനില്ലെന്നും യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു.