ഫൈസർ വാക്‌സിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന: മലയാളി യൂട്യൂബറേയും സ്വാധീനിച്ചെന്ന് ബിബിസി
|ഫൈസര്‍ വാക്‌സിന് എതിരെയാണ് പ്രധാനമായും ക്യാമ്പയിന്‍. ഫൈസര്‍ വാക്സിന് സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്.
കോവിഡ് വാക്‌സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങിലെ താരങ്ങളെ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ മലയാളി യൂട്യൂബറും ഉള്‍പ്പെടും. സമൂഹമാധ്യമങ്ങില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് പിന്നില്‍.
ഫൈസര്‍ വാക്‌സിന് എതിരെയാണ് പ്രധാനമായും ക്യാമ്പയിന്‍. ഫൈസര്‍ വാക്സിന് സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. മലയാളിയായ അഷ്‌കര്‍ ടെക്കി എന്ന യൂട്യൂബറാണ് ഏജന്‍സിയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. ടെക്നിക്കല്‍ കാര്യങ്ങള്‍ രസകരമായി പങ്കുവെക്കുന്ന യൂട്യൂബറാണ് അഷ്‌കര്‍. മറ്റൊരാള്‍ ബ്രസീലില്‍ നിന്നുള്ള എവേഴ്‌സണ്‍ സോയിയോയാണ്. ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണിലധികം ഫോളോവേഴ്സ് ഉണ്ട്. അഷ്കറിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് യൂട്യൂബില്‍.
ഫൈസര്‍ വാക്സിനെക്കുറിച്ച് ഫേസെ ഏജന്‍സി നല്‍കിയ തെറ്റായ വിവരങ്ങള്‍ ഇരുവരും പങ്കുവെച്ചതായും ഇതിന് മുമ്പും ഫേസിന്റെ പ്രൊമോഷനില്‍ ഇരുവരും പങ്കാളിയായെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ ഇരുവരും വിവാദ ഉള്ളടക്കം പിന്‍വലിച്ചു. എന്നാല്‍, ആ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇരുവരും പ്രതികരിച്ചില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ യൂട്യൂബറായ മിര്‍ക്കോ ഡ്രോട്ച്ച്മാന്‍, ഫ്രാന്‍സിലെ യൂട്യൂബറായ ലിയോ ഗ്രാസെറ്റ് എന്നിവരെ ഫേസെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഫൈസര്‍ വാക്സിന് സ്വീകരിച്ചവരില്‍ കോവിഡ് മരണ നിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണം എന്നായിരുന്നു മിര്‍ക്കോയോട് ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പ്രചരിപ്പിച്ചാല്‍ പണം നല്‍കാമെന്നുമായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. കോവിഡില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കവെ വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ യുക്തിയെപ്പറ്റി ചിന്തിച്ചപ്പോഴാണ് ഇവര്‍ പങ്കുവെക്കുന്നതിന്റെ ഭീകരാവസ്ഥയെ പറ്റി മനസിലായതെന്നാണ് മിര്‍കോ വ്യക്തമാക്കുന്നത്. ഫൈസര്‍ വാക്‌സിനെക്കുറിച്ച് ഏജന്‍സി നല്‍കിയ വിവരങ്ങള്‍ തന്നെ വ്യാജമായിരുന്നുവെന്നും മിര്‍കോ പറയുന്നു.
2000 യൂറോയാണ് ഫ്രാന്‍സില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള ലിയോ ഗ്രാസെറ്റിന് ഏജന്‍സി ചെയ്തത്. ഞങ്ങള്‍ മറ്റൊരു ഇടപാടുകാരന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഫാസെ ഗ്രാസെറ്റിനോട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. യൂറോപ്യന്‍ മീഡിയ ഏജന്‍സിയില്‍ നിന്ന് ചോര്‍ന്ന വിവരം എന്ന നിലയില്‍ ഒരു ഫ്രഞ്ച് പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെക്കാനും ഫാസെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്ത ഫൈസര്‍ വാക്‌സിനെക്കുറിച്ചാണെങ്കിലും ഇതില്‍ കമ്പനി പ്രചരിപ്പിക്കുന്നത് പോലുള്ള മരണ കാര്യങ്ങളില്ല.
ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പത്രങ്ങളുടെ വാര്‍ത്തകള്‍ കൂടി പങ്കുവെക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ഗ്രാസെറ്റ് പറയുന്നത്. ഇരുവരും ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഫാസെ ഏജന്‍സിയെ മെയില്‍-ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിച്ചില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.