കൊച്ചിക്ക് സമീപം ഇസ്രായേൽ കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്
|പസഫിക് ഗോൾഡാണ് ആക്രമണത്തിനിരയായ കപ്പൽ
കഴിഞ്ഞദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമണത്തിനിരയായ ഇസ്രായേൽ കപ്പലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ലയുമായി ബന്ധമുള്ള ലെബനീസ് ചാനൽ അൽ മയാദീൻ. ജനുവരി നാലിനാണ് ഇന്ധനവുമായി വന്ന രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.
ലൈബീരിയൻ പതാകയുള്ള ചെം സിലികൺ ആണ് ആക്രമണത്തിനിരയായ ആദ്യ കപ്പൽ. എയ്സ് കമ്പനിക്ക് കീഴിലുള്ള ഈ കപ്പൽ മാലദ്വീപിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുവെച്ചാണ് ആക്രമണത്തിനിരയായത്. സ്പെയിനിൽനിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ.
ഈസ്റ്റേൺ കമ്പനിക്ക് കീഴിലുള്ള പസഫിക് ഗോൾഡാണ് ആക്രമണത്തിനിരയായ രണ്ടാമത്തെ കപ്പൽ. കൊച്ചി തുറമുഖത്തിന് സമീപമാണ് ആക്രമണമെന്നും റിപ്പോർട്ടിലുണ്ട്. ലൈബീരിയൻ പതാകയുള്ള ഈ കപ്പൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് വിവരം. അതേസമയം, ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹമാസിന്റെ മുതിർന്ന നേതാവായിരുന്ന സാലിഹ് ആറൂറിയുടെ കൊലപാതകത്തിന്റെ രണ്ടാം നാളാണ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിനെതിരെ ചെങ്കടലിൽ ഹൂതികൾ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഇതോടെ മിക്ക കമ്പനികളും ചെങ്കടൽ വഴി സർവീസ് നിർത്തിവെച്ചു.
ഇതിന് പുറമെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഹൂതികൾ ആക്രമണം വ്യാപിപ്പിച്ചത്. കഴിഞ്ഞമാസവും ഇത്തരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകൾ ആക്രമണത്തിനിരയായിരുന്നു. മംഗളൂരു തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലും ആക്രമണത്തിനിരയായി. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം.
കഴിഞ്ഞദിവസം ഹൂതി സംഘവുമായി ചർച്ച നടത്തിയതിന് പിറകെ ചെങ്കടലിലേക്ക് ഇറാൻ യുദ്ധക്കപ്പൽ അയച്ചിരുന്നു. 10 പോരാളികളെ ചെങ്കടലിൽ അമരിക്ക കൊലപ്പെടുത്തിയതിനെ തുടർന്ന് തെഹ്റാനിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഹൂതി സംഘത്തിന് എല്ലാ പിന്തുണയും ഇറാൻ ഉറപ്പ് നൽകിയിട്ടുണ്ട്.