ഖബറടക്കാൻ പോലും ഇടമില്ല; മാർക്കറ്റിൽ കൂട്ടക്കുഴിമാടമൊരുക്കി ഫലസ്തീനികൾ
|ഇസ്രായേൽ നരനായാട്ടിൽ ഗസ്സയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 18000 കവിഞ്ഞു
ഗസ്സ സിറ്റി: യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിലിപ്പോൾ മൃതദേഹങ്ങൾ ഖബറടക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ജനിച്ച മണ്ണിൽ തലയുർത്തിപ്പിടിച്ച് ജീവിക്കാനുള്ള അടങ്ങാത്ത മോഹത്തിൽ പോരാടുന്ന ഒരു ജനതയിപ്പോൾ സമാതതകളില്ലാത്ത വെല്ലുവിളികളെ നേരിടുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തവരിൽ ഭൂരിഭാഗവും ജബലിയ അഭയാർഥി ക്യാമ്പിലാണ് അഭയം തേടിയത്. ഇതിനടുത്തുള്ള മാർക്കറ്റ് കൂട്ടക്കുഴിമാടമാക്കിയിരിക്കുകയാണ് ഫലസ്തീനികൾ. ഇസ്രായേൽ നരനായാട്ടിൽ ഗസ്സയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 18000 കവിഞ്ഞു. സമാനതകളില്ലാത്ത ദുരിതത്തിൽ ഒരു ജനത നെട്ടോമോടുമ്പോൾ ആക്രമണം അവസാനിപ്പിക്കാൻ ഭാവമില്ലാതെ കൂട്ടക്കുരുതി തുടരുകയാണ് ഇസ്രായേൽ.
അതേസമയം ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പറഞ്ഞു. ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി. അൽ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് കരയാക്രമണത്തിലാണ് ഇതിൽ 105 പേർ കൊല്ലപ്പെട്ടത്.
Palestinians turn the market of Jabalia refugee camp, north of Gaza, into a mass grave. pic.twitter.com/dTv98J1IpT
— Palestine Now (@PalestineNW) December 12, 2023
ഗസ്സ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 57 സൈനികരെയും ജറുസലേമിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ട സൈനികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിനിടെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ വീണ്ടും പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ഇസ്രായേലും അമേരിക്കയും അടക്കം 10 രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.