അമേരിക്കൻ എഫ്-35നെ വരെ ചെറുക്കും; അറിയാം ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ
|ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാൻ പ്രതിരോധിച്ചിരുന്നു
തെഹ്‌റാന്‍: ശനിയാഴ്ച പുലർച്ച ഇസ്രായേൽ നടത്തിയ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇറാൻ ചെറുക്കുന്നത്. തലസ്ഥാനമായ തെഹ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യയായ ഇലാം, വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
ഇസ്രായേലിന്റെ ആക്രമണത്തെ തങ്ങളുടെ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇറാനിനയന്‍ എയര്‍ ഡിഫന്‍സ് കമ്മാന്‍ഡ് അറിയിക്കുകയുണ്ടായി. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന് ഇറാന്‍ പറയുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ച 2.15ന് തെഹ്‌റാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പലയിടത്തും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. പുതിയ ആക്രമണങ്ങളെ പ്രതിരോധിക്കാനായി ഇറാന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ചില കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാവുകയുമുണ്ടായി. ഇറാന്റെ മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിക്കുന്നുണ്ട്.
ഇസ്രായേലിനേതിന് സമാനമായി ഇറാനും സ്വയം പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേലിൽനിന്ന് അടക്കമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളെടുത്താണ് പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. കൂടാതെ വിദേശരാജ്യങ്ങൾ നൽകിയ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
അർമാൻ
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് അർമാൻ. 180 കിലോമീറ്റർ പരിധിയിൽ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാൻ ഇതിന് സാധിക്കും. കൂടാതെ 120-180 കിലോമീറ്റർ പരിധിയിൽ ഒരേസമയം ആറ് ലക്ഷ്യങ്ങളെ ചെറുക്കാനും സാധിക്കും.
ബവാർ 373
ദീർഘദൂരവും ഉയരത്തിലുമുള്ള മിസൈലുകൾ, ഡ്രോണുകൾ, വിമാനങ്ങൾ എന്നിവ കണ്ടെത്താനും തടസ്സപ്പെടുത്താനും ബവാർ 373ന് സാധിക്കും. യൂറോപ്യൻ രാജ്യമായ ബെലാറസിലാണ് ഇത് രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ളത്. അമേരിക്കൻ എഫ്-35 ഉൾപ്പെടെയുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ ഇതിന് പ്രതിരോധിക്കാൻ സാധിക്കും. ഒരേസമയം 100 ആക്രമണങ്ങളെ കണ്ടെത്താനും സയ്യാദ് 4ബി മിസൈലുകൾ ഉപയോഗിച്ച് പ്രതിരോധിക്കാനും ഇതിന് കഴിയും. 300 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. കൂടാതെ 120 കിലോമീറ്റർ ഉയരത്തിൽ എത്താനുമാകും.
എഡി-120
ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച കൂടുതൽ റേഞ്ചുള്ള പ്രതിരോധ സംവിധാനമാണ് എഡി-120. നൂതന വിമാനങ്ങൾ, യുഎവികൾ, ഹെലികോപ്റ്ററുകൾ എന്നിവയെയല്ലാം ഇതിന് തടസ്സപ്പെടുത്താൻ സാധിക്കും. ഏഴ് കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെയാണ് ഇതിന്റെ റേഞ്ച്. ഇതിന് പരമാവധി 27 കിലോമീറ്റർ ഉയരത്തിൽ എത്താൻ സാധിക്കും. 400 മില്ലി മീറ്ററാണ് ഇതിന്റെ വ്യാസം. 90 കിലോഗ്രാം വരെ ആയുധം വഹിക്കാൻ സാധിക്കും. 995 കിലോഗ്രാമാണ് മിസൈലിൻറെ ആകെ ഭാരം.
അസരാഖ്ഷ്
ഹ്രസ്വദൂര, താഴ്ന്ന ഉയരത്തിലുള്ള ഭൂതല എയർ മിസൈലാണ് അസരാഖ്ഷ്. 50 കിലോമീറ്റർ ദൂരപരിധി വരെയുള്ള ലക്ഷ്യങ്ങൾ തിരിച്ചറിയാനും അവയെ തകർക്കാനും ഇതിന് സാധിക്കും. നാല് റെഡി ടു ഫയർ മിസൈലുകളാണ് ഇതിൽ എപ്പോഴുമുണ്ടാകുക. ഇതിന് 3000 മില്ലിമീറ്റർ നീളവും 127 മിലിമ്മിറ്റർ വ്യാസവുമുണ്ട്. 70 കിലോ ഗ്രാം ഭാരമുള്ള ഇതിന് 4.5 കിലോഗ്രാം സ്ഫോടന വസ്തു വഹിക്കാനാകും. പരമാവധി 10 കിലോമീറ്ററാണ് ഇതിന്റെ പരിധി.
ഇൻഫ്രാറെഡ്, റഡാർ, ഇലക്ട്രോ ഒപ്റ്റിക് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ശത്രുവിന്റെ ലക്ഷ്യങ്ങളെ കണ്ടെത്തുന്നത്. മാത്രമല്ല വാഹനങ്ങളിൽ ഘടിപ്പിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സൗബിൻ
ഇറാന്റെ മറ്റൊരു ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനമാണ് സൗബിൻ. ഡ്രോൺ, താഴ്ന്ന നിലയിൽ വരുന്ന ക്രൂയിസ് മിസൈലുകൾ എന്നിവ പ്രതിരോധിക്കുന്നതിൽ ഇത് ഏറെ ഫലപ്രദമാണ്. 360 ഡ്രിഗിയിൽ ഇതിന് പ്രവർത്തിക്കാൻ സാധിക്കും. ഒരേ സമയം 100 ലക്ഷ്യങ്ങൾ കണ്ടെത്താനും എട്ട് മിസൈലുകൾ ഒരുമിച്ച് അയക്കാനും കഴിയും. 30 കിലോമീറ്റർ ദൂരപരിധിയിൽ ലക്ഷ്യത്തെ കണ്ടെത്താനും 20 കിലോമീറ്റർ ദൂരപരിധിയിൽ ആക്രമിക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ പ്രതിരോധ സംവിധാനങ്ങൾക്ക് പുറമെ റഷ്യ നിർമിച്ച് നൽകിയ എസ്-200, എസ്-300, അമേരിക്കയുടെ യുഎസ് എംഐഎം-23 ഹോക്ക്, എച്ച്ക്യു-2ജെ, ഖൊർദാദ്-15, ചൈനീസ് നിർമിത സിഎച്ച്-എസ്എ4 തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും ഇറാന്റെ കൈവശമുണ്ട്.