'ക്ഷമിക്കണം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിലാണ്'; ലാപ്ടോപ് മോഷ്ടിച്ചതിനു പിന്നാലെ കള്ളന്റെ ഇ മെയിൽ
|മെയിൽ വായിച്ച് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉടമസ്ഥൻ
ലാപ്ടോപ് മോഷ്ടിച്ചതിനു പിന്നാലെ ഉടമയ്ക്ക് മെയിൽ അയച്ച് മോഷ്ടാവ്. സെവലി തിക്‌സോ എന്നയാളാണ് തനിക്കുണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മെയില്‍ വായിച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് താനെന്നുെം അദ്ദേഹം പറയുന്നു.
'ഇന്നലെ രാത്രി എന്റെ ലാപ്‌ടോപ് മോഷണം പോയി, തുടർന്ന് എനിക്ക് മോഷ്ടാവ് മെയിൽ അയച്ചിരിക്കുകയാണ്. മെയിൽ വായിച്ചു, എന്നാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാൻ'- അദ്ദേഹം പറഞ്ഞു.
മോഷ്ടാവ് അയച്ച മെയിലിൻറെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിലാണ് താനെന്നും ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു.
''ഞാൻ നിങ്ങളുടെ ലാപ്‌ടോപ് മോഷ്ടിച്ചു. ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ്. ലാപ്‌ടോപ് നോക്കിയപ്പോൾ നിങ്ങൾ ഒരു ഗവേഷണത്തിലാണെന്ന് എനിക്ക് മനസിലായി. ബന്ധപ്പെട്ട ഫയലുകൾ ഞാൻ മെയിലുമായി അറ്റാച്ച് ചെയ്ത് അയക്കുന്നുണ്ട്. മറ്റു വല്ല ഫയലും ആവശ്യമാണെങ്കിൽ തിങ്കളാഴ്ച 12 മണിക്ക് ലാപ്‌ടോപ് വിൽക്കുന്നതിന് മുമ്പായി അറിയിക്കണം. ലാപ്‌ടോപ് മോഷ്ടിച്ചതിനു തന്നോട് ക്ഷമിക്കണം''- മോഷ്ടാവ് കുറിപ്പിൽ പറയുന്നു.
അതേസമയം ട്വീറ്റ് വൈറലായതോടെ മോഷ്ടാവിന് അഭിനന്ദന പ്രാവാഹവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം വളരെ മാന്യനാണെന്നും ആവശ്യമെങ്കിൽ അയാൾക്ക് ജോലി നൽകാൻ തയ്യാറാണെന്നും ചിലർ ട്വീറ്റ് ചെയ്തു. ഇത്രയും മാന്യനായ ഒരു കള്ളനെ ഇതുവരെ കണ്ടില്ലെന്ന് മറ്റു ചിലരും പറഞ്ഞു.