സ്ഥിതി ഗുരുതരം, യു.എസ് പൗരൻമാർ ഉടൻ യുക്രെയ്ൻ വിടണം: ബൈഡൻ
|ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്
യു.എസ് പൗരൻമാർ എത്രയും പെട്ടെന്ന് യുക്രെയ്ൻ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുഎസും റഷ്യൻ സൈനികരും പരസ്പരം ഇടപഴകുകയാണെങ്കിൽ മോസ്‌കോയുമായി സംഘർഷം ഉണ്ടാവാൻ സാധ്യതയുണെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.വ്യാഴാഴ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
''അമേരിക്കൻ പൗരന്മാർ ഇപ്പോൾ പോകണം,'' എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു.
ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രൈൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും പടക്കോപ്പുകളും റഷ്യ വിന്യസിച്ചു. യു.എസ് കിഴക്കൻ യൂറോപ്പിലും യുക്രൈനിലുമായി കൂടുതൽ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധസന്നാഹങ്ങൾ ഊർജിതമാക്കിയത്. യുക്രൈൻ അതിർത്തിയിലെ റഷ്യൻ നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വൻതോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം ഇവിടെ വിന്യസിച്ചിട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയൽരാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രൈൻ അതിർത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. ക്രീമിയയിൽ പുതുതായി വിന്യസിക്കപ്പെട്ട സൈനികർക്കായി താൽക്കാലിക പാർപ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.