മൂന്നാംഘട്ട സമാധാനചർച്ചയ്ക്ക് തുടക്കം; തുർക്കിയുടെ മധ്യസ്ഥതയിൽ യുക്രൈൻ-റഷ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച
|വ്യാഴാഴ്ച ദക്ഷിണ തുർക്കിയില്‍ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രൈൻ വിദേശകാര്യ മന്ത്രി ദ്മിത്രോ കുലേബയും നേരില്‍ ചര്‍ച്ച നടത്തും
യുക്രൈൻ-റഷ്യ മൂന്നാംഘട്ട സമാധാന ചർച്ചയ്ക്ക് ബെലറൂസിൽ തുടക്കം. കാര്യമായ ഫലംകാണാതെ പോയ ആദ്യ രണ്ട് ഘട്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സമാധാനശ്രമങ്ങളുമായി ഒന്നിച്ചിരിക്കുന്നത്. സിവിലിയന്മാർക്കുനേരെ നടക്കുന്ന ആക്രമണമായിരിക്കും ഇന്നത്തെ ചർച്ചയിൽ പ്രധാന വിഷയമായി ഉന്നയിക്കുകയെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് ട്വീറ്റ് ചെയ്തു.
ആദ്യരണ്ടു ഘട്ട ചർച്ചകൾ നടന്ന ബെലറൂസ് നഗരമായ ബ്രെസ്റ്റിൽ തന്നെയാണ് റഷ്യൻ, യുക്രൈൻ പ്രതിനിധികൾ എത്തിയിട്ടുള്ളത്. പ്രതിനിധിസംഘത്തിൽ മാറ്റമില്ലെന്നും പൊഡോലിയാകിന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു.
അതിനിടെ, റഷ്യൻ-യുക്രൈൻ വിദേശമന്ത്രിമാർ തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു. വ്യാഴാഴ്ച ദക്ഷിണ തുർക്കിയിലായിരിക്കും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രൈൻ വിദേശകാര്യ മന്ത്രി ദ്മിത്രോ കുലേബയും നേരിൽ കാണുന്നത്. തുർക്കിയാണ് ചർച്ചയ്ക്ക് മാധ്യസ്ഥം വഹിക്കുന്നത്. തുർക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കവുസോഗ്ലുവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇക്കാര്യം റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
'സുരക്ഷാ ഇടനാഴി'യിൽ പിരിഞ്ഞ രണ്ടാംഘട്ട ചർച്ച
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രണ്ടാംഘട്ട ചർച്ച. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അറിയിച്ചു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കിയത്.
ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ചർച്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
യുക്രൈന്റെ ആവശ്യപ്രകാരം സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴിയൊരുക്കാൻ റഷ്യ അനുമതി നൽകി. ചർച്ചകൾ തുടരാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഫലം കാണാതെ പോയ ആദ്യ ചർച്ച
ബെലറൂസിൽ നടന്ന ആദ്യഘട്ട ചർച്ച കാര്യമായ പുരോഗതിയില്ലാതെയാണ് പിരിഞ്ഞത്. എന്നാൽ, രണ്ടാംഘട്ട ചർച്ചയ്ക്കുള്ള സാധ്യത ഇരുവിഭാഗവും തള്ളിക്കളഞ്ഞിരുന്നില്ല. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.
റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡൻറ് അലെക്സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡൻറ് വ്ള്ദാമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നത്.
പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ റഷ്യൻ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈൻ വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിരുന്നത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്ള്ദാമിർ പുടിൻറെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
Summary: Third round of Ukraine-Russia talks starts in Belarus; Top Russian, Ukrainian diplomats to meet Thursday in Turkey