ഇത് കുഞ്ഞുങ്ങൾക്കെതിരായ യുദ്ധം: റഷ്യൻ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 225 കുട്ടികൾ- പരിക്കേറ്റവരിൽ 413 പേരും
|റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഇതിൽ കൂടുതലുണ്ടാവുമെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
റഷ്യൻ ആക്രമണത്തെ കുട്ടികൾക്കെതിരായ യുദ്ധമെന്ന് വിശേഷിപ്പിച്ച് യുക്രൈൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ഡാരിയ ഹെരാസിംചുക്ക്. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 225 കുട്ടികൾ കൊല്ലപ്പെടുകയും 413 കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് യുക്രൈൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവിന്റെ പരാമർശം. റഷ്യൻ ആക്രമണത്തെ അവർ ശക്തമായി അപലപിക്കുകയും ചെയ്തു.
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടികളുടെ കണക്കുകൾ യുക്രൈൻ ഉദ്യോഗസ്ഥർ ട്വിറ്ററിലും പങ്കുവെച്ചിരുന്നു.
എന്നാൽ ഇതിൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അധിനിവേശ പ്രദേശങ്ങളിലെയും യുദ്ധം അതി തീവ്രമായി തുടരുന്ന സ്ഥലങ്ങളിലെയും കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം യുക്രൈനിയൻ ഉദ്യോഗസ്ഥർക്ക് മുഴുവനായും ഉൾപ്പെടുത്താനായിട്ടില്ല. കിഴക്കൻ ഡോൺബാസ് മേഖലയിലാണ് കുട്ടികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. റഷ്യൻ അധിനിവേശ പ്രദേശത്തെ അനാഥാലയങ്ങളിൽ നിന്ന് കുട്ടികളെ നാട്ടിലെത്തിക്കാൻ യുക്രൈൻ ഭരണകൂടം അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ഡാരിയ ഹെരാസിംചുക്ക് പറഞ്ഞു.
റഷ്യൻ സൈന്യം സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി 20 ലധികം സൈറ്റുകൾ പൂർണ്ണമായും നശിപ്പിച്ചതായി യുക്രൈനിയൻ ഭരണകൂടം ആരോപിച്ചു. അതേസമയം, യുക്രൈനിയൻ ഗ്രാമമായ ബിലോഹോറിവ്കയിലെ സകൂളിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 60 പേർ മരിച്ചതായും സൂചനയുണ്ട്. ലുഹാൻസ്ക് മേഖലയുടെ ഗവർണർ സെർഹി ഗൈഡായിയാണ് ഇക്കാര്യം അറിയിച്ചത്. 90 ഓളം പേർ അഭയം പ്രാപിച്ച സ്കൂളിലാണ് ശനിയാഴ്ച ഉച്ചയോടെ റഷ്യ ബോംബാക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്നും മുപ്പതോളം പേരെ രക്ഷിക്കാനായിട്ടുണ്ടെന്നും അവരിൽ ഏഴ് പേർക്ക് പരിക്കേറ്റതായും ഗവർണർ സെർഹി ഗൈഡായി അറിയിച്ചു.