World
15 വര്‍ഷം മുന്‍പ് മരിച്ചുപോയ ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വെ സ്റ്റേഷനിലെത്തുന്ന സ്ത്രീ; ഹൃദയം തൊട്ട് ഒരു പ്രണയകഥ
World

15 വര്‍ഷം മുന്‍പ് മരിച്ചുപോയ ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വെ സ്റ്റേഷനിലെത്തുന്ന സ്ത്രീ; ഹൃദയം തൊട്ട് ഒരു പ്രണയകഥ

Web Desk
|
14 Jun 2022 3:45 AM GMT

1992 ലാണ് മാർഗരറ്റും ലോറൻസും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്

പെട്ടെന്നൊരു ദിവസം പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപിരിയുമ്പോഴുള്ള വേദന ചിന്തിക്കാവുന്നതിലും അപ്പുറപ്പമാണ്. അവരുടെ വിയോഗം ചിലര്‍ക്ക് ഒരിക്കലും താങ്ങാനാകില്ല. ആ ഓര്‍മകളില്‍ മാത്രമായിരിക്കും പിന്നെ മുന്നോട്ടുള്ള ജീവിതം. ലണ്ടനിലെ ഡോക്ടറായിരുന്ന മാര്‍ഗരറ്റ് മക്കല്ലത്തിനും തന്‍റെ ഭര്‍ത്താവിന്‍റെ വേര്‍പാട് താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്നാല്‍ മരണശേഷവും എന്നും ഭര്‍ത്താവിന്‍റെ ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം മാര്‍ഗരറ്റിനു ലഭിച്ചു. പ്രിയപ്പെട്ടവന്‍റെ ശബ്ദം കേള്‍ക്കാന്‍ ദിവസവും ലണ്ടനിലെ എംബാങ്ക്മെന്‍റ് ട്യൂബ് സ്റ്റേഷനിലെത്തുന്ന മാര്‍ഗരറ്റ് അനശ്വര പ്രണയത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ്.

1992 ലാണ് മാർഗരറ്റും ലോറൻസും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. പെട്ടന്ന് തന്നെ സൗഹൃദത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവാഹശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇവരുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ലോറൻസിന്റെ മരണം എത്തുന്നത്. 86 വയസുള്ളപ്പോഴാണ് ലോറൻസ് മരണത്തിന് കീഴടങ്ങുന്നത്.

അതേസമയം ലണ്ടനിലെ എംബാങ്ക്മെന്‍റ് ട്യൂബ് സ്റ്റേഷനിൽ അറിയിപ്പുകൾക്കായാണ് ലോറൻസിന്‍റെ ശബ്ദം ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും തീവണ്ടിയുടെയും പ്ലാറ്റ്‌ഫോമിന്‍റെയും അകലത്തെക്കുറിച്ച് ഓർമ്മിപ്പിക്കുവാനും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമയാണ് ലോറൻസിന്‍റെ ശബ്ദം ഇവിടെ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷവും ഈ അനൗൺസ്മെന്‍റുകൾക്കായി ആ ശബ്ദം തന്നെയാണ് സ്റ്റേഷനിൽ ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇത് കേൾക്കാനായി ദിവസവും മാർഗരറ്റ് ഇവിടെ എത്തുമായിരുന്നു. എന്നാൽ ഒരിക്കൽ ഈ ശബ്ദം മാറ്റി മറ്റൊരു ഡിജിറ്റൽ ഉപകരണത്തിന്റെ സഹായത്തോടെ സ്റ്റേഷനിൽ ഇവർ അറിയിപ്പുകൾ നൽകിത്തുടങ്ങി.

ഇതോടെ മാർഗരറ്റ് ആകെ സങ്കടത്തിലായി. എങ്കിലും തന്‍റെ വേദന ഉള്ളിലൊതുക്കി ജീവിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ ഒരിക്കൽ മാർഗരറ്റിന്‍റെയും ലോറൻസിന്‍റെയും ഹൃദയസ്പർശിയായ പ്രണയകഥയെക്കുറിച്ചറിഞ്ഞ അധികൃതർ വീണ്ടും ലോറൻസിന്‍റെ ശബ്ദം തന്നെ ഇവിടെ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർഗരറ്റിന് വേണ്ടി മാത്രമാണ് ഇന്നും ആ സ്റ്റേഷനിൽ ലോറൻസിന്‍റെ ശബ്ദം അധികൃതർ ഉപയോഗിക്കുന്നത്.

Similar Posts