ഗസ്സയിൽ ഇന്നലെ മാത്രം മരിച്ചത് ആയിരങ്ങൾ; അൽ ഫാഖൂറ സ്കൂളിൽ വ്യോമാക്രമണത്തിൽ 200 മരണം
|സമ്മർദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
ഗസ്സ സിറ്റി: ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം ആയിരത്തിനു മുകളിലെന്ന് റിപ്പോർട്ട്. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാഖൂറ സ്കൂളിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ രണ്ടിനും ഇസ്രായേൽ ഇവിടെ ബോംബിട്ടിരുന്നു. ഇസ്രായേലിന്‍റെ കനത്ത ആക്രമണത്തിൽ നിന്ന് രക്ഷതേടി സ്കൂളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേൽ നീക്കത്തിന്‍റെ ഭാഗമാണ് അൽ ഫാഖൂറ സ്കൂൾ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്കു സമീപം റോഡിൽ നിറയെ മൃതദേഹങ്ങൾ കൂട്ടിയിട്ട ദൃശ്യങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണെന്നും മരണം മാത്രമാണ് ഇനി മുന്നിലെന്നും ഡോക്ടർമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ഇസ്രായേൽ ഭീഷണി.
അതേസമയം, ആറ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു. സമ്മർദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഗാലന്റും വ്യക്തമാക്കി. പകർച്ചവ്യാധി വിനയാകുമെന്ന് കണ്ടാണ് അമേരിക്കൻ നിർദേശപ്രകാരം ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കാൻ തീരുമാനിച്ചതെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ, ബന്ദികളെ വിട്ടുകിട്ടുന്നതിൽ അമാന്തം കാണിക്കുന്നുവെന്നാരോപിച്ച് പതിനായിരക്കണക്കിന് ഇസ്രായേലികൾ ജറൂസലമിൽ ഒത്തുചേർന്നു. സാധ്യമായ എല്ലാ നീക്കവും നടക്കുന്നതായി ബന്ദികളുടെ ബന്ധുക്കളെ ഇസ്രായേൽ നേതൃത്വം അറിയിച്ചു. അന്തർദേശീയ സമ്മർദം ശക്തമാക്കാൻ അറബ്, മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. ഇസ്രായേൽ തുടരുന്ന നരമേധം എല്ലാ ഒത്തുതീർപ്പ് ചർച്ചകളെയും അട്ടിമറിച്ചതായി ഖത്തർ നേതൃത്വം അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതനെ അറിയിച്ചു.