വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുന്നു
|ഇസ്രായേൽ കരയുദ്ധം തുടങ്ങുകയാണെങ്കിൽ ആദ്യം പ്രവേശിക്കുന്ന ഭാഗമാണ് വടക്കൻ ഗസ്സ
ഗസ്സ: വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ തുടർന്നാണ് പലായനം. ഇസ്രായേലിന്റെ കെണിയിൽ വീഴരുതെന്നും ആരും വടക്കൻമേഖല വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രായേൽ കരയുദ്ധം തുടങ്ങുകയാണെങ്കിൽ ആദ്യം പ്രവേശിക്കുന്ന ഭാഗമാണ് വടക്കൻ ഗസ്സ. 11 ലക്ഷം ജനങ്ങൾ ജീവിക്കുന്ന പ്രദേശമാണിത്. ഇത്രയും ജനങ്ങൾ മാറുകയെന്നത് അപ്രായോഗികമാണെന്നാണ് ഇസ്രായേലിന് യുഎൻ നൽകുന്ന മറുപടി. ഇസ്രായേലിന്റെ ഭീഷണി തള്ളിക്കളയണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. മരിച്ചുവീണാലും ഗസ്സനിവാസികൾ ഇവിടം വിട്ടുപോകില്ലെന്ന് ഹമാസ് നേതാക്കൾ പറഞ്ഞു. എന്നാൽ ആക്രമണം ഭയന്ന് ആയിരക്കണക്കിന് പേർ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്.
ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് യു.എൻ അറിയിക്കുന്നത്. 50,000 ഗർഭിണികൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്നും ഇതിൽ 5000 പേർ ഈ മാസം പ്രസവിക്കേണ്ടവരാണെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൽ 500 കുട്ടികളും 11 ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടുവെന്നും നാലര ലക്ഷം പേർക്ക് വീടില്ലാതായെന്നും വ്യക്തമാക്കി. ഇവരെ സഹായിക്കാനായി രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകണമെന്നും യു.എൻ ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ പ്രശ്‌നം ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരുന്നുണ്ട്.
അതിനിടെ, ലബനാനിലും സിറിയയിലും ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. ദമാസ്‌കസിനും അലപോ വിമാനത്താവളത്തിനും നേരെയാണ് ഇസ്രായേൽ ആക്രമണം നടന്നത്. അതേസമയം, തെൽ അവീവിൽ ഇന്ന് വീണ്ടും മിസൈൽ പതിച്ചു. നിരവധി ഇസ്രയേലികൾക്ക് പരിക്കേറ്റു.
Thousands of people are moving from northern Gaza to southern Gaza