'ഇസ്രായേൽ ബോംബിടുന്നു, യുഎസ് പണം നൽകുന്നു, നിങ്ങൾ ഇന്ന് എത്ര കുട്ടികളെ കൊന്നു?; യുഎസ് നഗരങ്ങളിൽ ആയിരങ്ങളുടെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ
|കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിൽ നിരവധി ഫലസ്തീൻ അനുകൂല പ്രകടങ്ങളാണ് നടന്നത്
ന്യൂയോർക്ക് സിറ്റി: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ യുഎസ് നഗരങ്ങളിൽ ആയിരങ്ങളുടെ പ്രകടനങ്ങൾ. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്‌ലിൻ ബ്രിഡ്ജിലൂടെയടക്കം നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ഫലസ്തീനിയൻ കമ്മ്യൂണിറ്റി ഗ്രൂപ്പായ 'വിത്തിൻ അവർ ലൈഫ് ടൈ'മാണ് മാർച്ച് സംഘടിപ്പിച്ചത്. ബ്രൂക്‌ലിൻ മ്യൂസിയത്തിൽ നിന്ന് ബ്രൂക്‌ലിസ് ബ്രിഡ്ജിലേക്ക് നടന്ന പ്രകടനത്തിൽ പ്രദേശം സ്തംഭിച്ചു. ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ടാണ് പ്രകടനങ്ങൾ നടന്നത്. 'ഇസ്രായേൽ ബോംബിടുന്നു, യുഎസ് പണം നൽകുന്നു, നിങ്ങൾ ഇന്ന് എത്ര കുട്ടികളെ കൊന്നു?', ഫ്രീ ഫലസ്തീൻ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ പ്രകടനങ്ങളിൽ ജനങ്ങൾ മുഴക്കിയത്. ഇസ്രായേലിന് സഹായം നൽകുന്നത് യുഎസ് നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിൽ നിരവധി ഫലസ്തീൻ അനുകൂല പ്രകടങ്ങളാണ് നടന്നത്. സാൻഫ്രാൻസിസ്‌കോയിൽ 15,000 പേർ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രകടനം നടത്തി.
'നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട അധികൃതർ ഒരു നിലപാട് എടുക്കേണ്ടതുണ്ട്. ഒരു വംശഹത്യ അരങ്ങേറുന്നത് ലോകം ഉറ്റുനോക്കുകയാണ്. റാമല്ല മുതൽ ലണ്ടനും ന്യൂയോർക്ക് സിറ്റിയും വരെയുമുള്ള ലോകം ഗസ്സയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്' സാൻ ഫ്രാൻസിസ്‌കോ പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ അറബ് റിസോഴ്‌സ് ആൻഡ് ഓർഗനൈസിംഗ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലാറ കിസ്‌വാനി പറഞ്ഞു. വംശഹത്യ, യുദ്ധം, അധിനിവേശം എന്നിവ വേണ്ടെന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും ഇപ്പോൾ വെടിനിർത്തൽ വേണമെന്നും കിസ്‌വാനി പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ ലണ്ടനിലും കൂറ്റൻ ഫലസ്തീൻ അനുകൂല റാലി നടന്നിരുന്നു. മൂന്നു ലക്ഷത്തോളം ആളുകളാണ് ഫലസ്തീൻ പതാകയുമായി റാലിയിൽ അണിനിരന്നത്. മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബെൽഫാസ്റ്റ് തുടങ്ങിയ നഗരങ്ങളിലും ഫലസ്തീൻ അനുകൂല റാലികൾ നടന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്.
Thousands of pro-Palestinian demonstrations in US cities