നെതന്യാഹു രാജിവയ്ക്കണം; ഇസ്രായേലില്‍ ആയിരങ്ങള്‍ അണിനിരന്ന റാലി
|ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ നെതന്യാഹുവിന്‍റെ വസതിക്കു മുന്നിലും പ്രതിഷേധിച്ചു
തെല്‍ അവിവ്: ഗസ്സക്കെതിരെ ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇസ്രായേലികള്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ നെതന്യാഹുവിന്‍റെ വസതിക്കു മുന്നിലും പ്രതിഷേധിച്ചു.
"ആയിരക്കണക്കിന് ഇസ്രായേലികൾ ഹൈഫ നഗരത്തിൽ, ഹൊറേവ് കവലയിൽ, സർക്കാരിനെതിരെ, ഉടനടി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു," യെദിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫ നഗരത്തിലെ കാർമൽ ഏരിയയിൽ നിന്ന് ഹൊറേവ് കവലയിലെ പ്രതിഷേധ കേന്ദ്രത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. തെല്‍ അവിവിനടുത്തുള്ള ക്ഫാർ സബ നഗരത്തിൽ 'തെരഞ്ഞെടുപ്പ് ഇപ്പോള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നെതന്യാഹു രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗസ്സയിലെ ബന്ദികളുടെ ഡസൻ കണക്കിന് കുടുംബങ്ങൾ അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിസേറിയ നഗരത്തിലെ (വടക്ക്) നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ പ്രകടനം നടത്തി." തുടർച്ചയായ രണ്ടാം ആഴ്ചയും ഗസ്സയിലെ ബന്ദികളുടെ കുടുംബങ്ങൾ സിസേറിയയിലെ നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്" യെദിയോത്ത് അഹ്‌റോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തെൽ അവീവിനടുത്തുള്ള റാനാന നഗരത്തിലും നൂറുകണക്കിന് ആളുകൾ പ്രകടനം നടത്തി.